കിഴക്കമ്പലം: മല പോലെ മാലിന്യം കൂമ്പാരമായപ്പോൾ നീലിമല മേഖല പകർച്ചവ്യാധി ഭീഷണിയിൽ. കുന്നത്തുനാട്ടിലെ പ്രമുഖ സർക്കാർ ഓഫീസുകളും ഫയർഫോഴ്സ് യൂണിറ്റും പട്ടിമറ്റം പ്രാഥമികാരോഗ്യ കേന്ദ്രം ഉൾപ്പടെ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ചീഞ്ഞളിഞ്ഞ പഴം പച്ചക്കറി മത്സ്യ മാംസ മാലിന്യങ്ങൾ പ്ളാസ്റ്റിക് ക്യാരി ബാഗിൽ കെട്ടി വലിച്ചെറിഞ്ഞിരിക്കുകയാണ്. പ്ളാസ്റ്റിക് പേപ്പർ വെയിസ്റ്റുകൾ കുന്നുകൂടി കിടക്കുന്നു. രാത്രിയായാൽ ആൾ സഞ്ചാരം കുറഞ്ഞ വഴിയാണിത്. ഇരുട്ടിന്റെ മറവിൽ ഇവിടെ മാലിന്യം നിക്ഷേപിച്ച് മടങ്ങുന്നവരിലധികവും പ്രദേശവാസികളല്ലെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി 10 ന് ശേഷം വീടുകളിലെ ഭക്ഷണ വെയ്സ്റ്റ് ഇവിടെ നിക്ഷേപിക്കുന്നതായും കാണുന്നു. തെരുവ് നായ്ക്കൾ കൂട്ടമായി ഭക്ഷണ മാലിന്യം കഴിക്കാനെത്തുന്നതും പതിവാണ്.
പകൽ സമയങ്ങളിൽ പട്ടിമറ്റം മാർകൂറിലോസ് സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ഈ വഴിയാണ് ഉപയോഗിക്കുന്നത്. പലപ്പോഴും നായ്ക്കളെ പേടിച്ച് രക്ഷിതാക്കൾ കുട്ടികളെ മാലിന്യ മേഖല കഴിയും വരെ അനുഗമിക്കേണ്ട അവസ്ഥയാണ്. കുറച്ചുനാൾ മുമ്പാണ് വണ്ടർലായുടെ സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി നീലിമലയിൽ വെയിറ്റിംഗ് ഷെഡ് സ്ഥാപിച്ചത്. എന്നാൽ മാലിന്യത്തിൽ നിന്നുള്ള രൂക്ഷ ഗന്ധം കാരണം ആളുകൾ വേയ്റ്റിംഗ് ഷെഡ് ഉപയോഗിക്കുന്നില്ല. പട്ടിമറ്റം പത്താം മൈൽ റോഡിന്റെ നിർമാണ സമയത്ത് റോഡിൽ നിന്ന് മാറ്റിയ ടാറും മണ്ണ് വെയ്സ്റ്റും ഇവിടെയാണ് സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ഒരു വശം കുഴിയായി കിടന്ന പ്രദേശം മണ്ണിട്ടതോടെ ഉയർന്നു വന്നത് മാലിന്യ നിക്ഷേപത്തിന് കൂടുതൽ സൗകര്യമൊരുക്കി. ക്യാമറ സൗകര്യം ഏർപ്പെടുത്തി മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |