മാർക്കോ സിനിമയിൽ അവതരിപ്പിച്ച ദേവരാജ് എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിന്റെ ആഹ്ളാദത്തിലാണ് ആൻസൺ പോൾ. ഈ ആഹ്ളാദം ഇരട്ടി മധുരം കൂടി നൽകുന്നണ്ട്. ഹനീഫ് അദേനിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ ആണ് ആൻസൺ പോളിന് സിനിമാജീവിതം നൽകുന്നത്. മാർക്കോയിലൂടെ വീണ്ടും ഹനീഫ് അദേനിയുടെ സിനിമയുടെ ഭാഗമായി എത്തി ആൻസൺ പ്രേക്ഷകരുടെ ദേഷ്യവും പിടിച്ചു പറ്റി.സിനിമയിലെ പുതിയ വിശേഷങ്ങൾ ആൻസൺ പോൾ പങ്കിടുന്നു.
ഈ ജീവിതത്തിൽ നടൻ
സിനിമ എന്ന മായാലോകത്തിന്റെ ഭാഗമാകാനാണ് എന്നും ആഗ്രഹിച്ചത്. പക്ഷേ അത് ഏത് രൂപത്തിലാകും, എങ്ങനെയാകും എന്ന അന്വേഷണത്തിൽ ആയിരുന്നു കുട്ടിക്കാലം മുതൽ . തൃശൂർ പുതുക്കാട് ആണ് നാട്. വളർന്നത് ചെന്നൈയിൽ. കോടമ്പാക്കം, സാലിഗ്രാമം, തിരുവാൺമിയൂർ എന്നിവിടങ്ങളിലായിരുന്നു പഠനവും താമസവും. ഇവിടുത്തെ അന്തരീക്ഷവും ആളുകളും സിനിമയുമായി ചുറ്റിപ്പറ്റിയായിരുന്നു. സാധാരണ ആളുകളുടെ ചർച്ച പോലും സിനിമ ആയിരുന്നു. സിനിമയെ ആഘോഷമാക്കുന്ന ആ നാടാണ് വെള്ളിത്തിര സ്വപ്നം കാണാൻ പ്രചോദനം പകർന്നത്. എന്നാൽ അപ്രതീക്ഷിതമായി ബ്രെയിൻ ട്യൂമർ ബാധിക്കുകയും തുടർന്ന് ശസ്ത്രക്രിയ വേണ്ടി വരികയും ചെയ്തു. ശസ്ത്രക്രിയക്കു ശേഷം വീണ്ടും ഒരു ജീവിതം ഉണ്ടെങ്കിൽ സിനിമാ നടനാകണമെന്ന് തീവ്രമായി ആഗ്രഹിച്ചു .രോഗാവസ്ഥയിലൂടെ കടന്നുപോയ നാളുകൾ തളർത്തുകയല്ല കൂടുതൽ പ്രചോദനമാണ് തന്നത്. രണ്ടാമൂഴമായാണ് ഇപ്പോഴത്തെ ജീവിതത്തെ കാണുന്നത്. ആ രണ്ടാമൂഴത്തിൽ ഞാൻ നടനായി. സ്വപ്നങ്ങൾ ഉണ്ടായി.2013 ൽ സിനിമയിൽ എത്തി. ബൈജു എഴുപുന്ന സംവിധാനം ചെയ്ത കെക്യു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം. ആ സിനിമയിൽ അഭിനയിക്കുകയും ചെയ്തു.ഇതിനുശേഷം സിനിമയെ കൂടുതൽ സ്നേഹിക്കാനും അറിയാനും തുടങ്ങി.
വില്ലനും നായകനും ഞാൻ
അബ്രഹാമിന്റെ സന്തതികൾ ചെയ്തശേഷമാണ് ആളുകൾ എന്നെ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. ശരിക്കും പറഞ്ഞാൽ അവിടെ നിന്നാണ് കരിയർ മാറാൻ തുടങ്ങിയത്. ഇതിനുശേഷം യാത്രകളും മറ്റുമായി കുറച്ചു കാലം മാറി നിന്നു. ഇപ്പോഴാണ് വീണ്ടും സജീവമാകുന്നത്. ഓരോ സിനിമയും എനിക്ക് പഠനങ്ങളാണ്. സിനിമയെ പഠിച്ചും ആസ്വദിച്ചും കരിയർ വളർത്തി കൊണ്ട് വരാനാണ് ശ്രമിക്കുന്നത്.ചിലപ്പോൾ വില്ലൻ വേഷമായിരിക്കും. അല്ലെങ്കിൽ നായകൻ. ഏതു വേഷമാണെങ്കിലും നായകൻ ഞാൻ തന്നെ എന്ന് കരുതിയാണ് അഭിനയിക്കുന്നത്.കഥാപാത്രം മികച്ചതാക്കാനാണ് ശ്രമം. പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നു. സിനിമയിൽ ഇതുവരെ അവതരിപ്പിക്കാത്തത് ചെയ്യാനാണ് ആഗ്രഹം. അതിനായി പരിശ്രമിക്കുന്നു.
തമിഴ്- തെലുങ്ക്
രാജേഷ് എം.സെൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായക വേഷമാണ്.തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ അതിദി റാവു ഹൈദരിയും കേതിക ശർമ്മയുമാണ് നായികമാർ. അല്ലു അർജുന്റെ അർഹ പ്രൊഡക്ഷൻസാണ് നിർമ്മാണം. മഴയിൽ നനായിഗിരെൻ ആണ് തമിഴിൽ അടുത്തിടെറിലീസ് ചെയ്ത ചിത്രം. നല്ല അഭിപ്രായമാണ് ലഭിച്ചത്.പുതിയ കഥകൾ കേൾക്കുന്നുണ്ട്. മലയാളത്തിൽ സജീവമാകാനാണ് കൂടുതൽ താത്പര്യം . രോഗം പൂർണമായും ഭേദമായി. സന്തോഷത്തോടെ സ്വപ്നങ്ങൾ കണ്ടും നേടിയും ജീവിക്കാനാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |