സിനിമയിൽ നിന്ന് താൻ അഭിനയിച്ച ഭാഗം ഒഴിവാക്കിയതിൽ വിഷമിച്ചുകരഞ്ഞ സഹതാരത്തെ ആശ്വസിപ്പിച്ച് നടൻ ആസിഫ് അലി. ആസിഫിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയായ രേഖാചിത്രത്തിൽ ഒപ്പം അഭിനയിച്ച സുലേഖയെയാണ് നടൻ ആശ്വസിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ കയ്യടി നേടുകയാണ്.
ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. സിനിമ കാണാനായി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് സുലേഖ എത്തിയത്. എന്നാൽ സിനിമ കണ്ടപ്പോഴാണ് തന്റെ ഭാഗം ഒഴിവാക്കിയതായി മനസിലാക്കുന്നത്. ഇതോടെ സുലേഖ മനസുവിഷമിച്ച് കരയുകയായിരുന്നു. ഇതറിഞ്ഞതോടെയാണ് ആസിഫ് അലി നേരിട്ടെത്തി ആശ്വസിപ്പിച്ചത്.
'സോറീട്ടോ, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും. ചേച്ചി അഭിനയിച്ചത് എന്ത് മനോഹരമായിട്ടായിരുന്നു. എന്ത് രസമായിരുന്നു. ദൈർഘ്യം കാരണമാണ് കട്ടായി പോയത്. ഇനി കരയരുത്. നമുക്കെല്ലാവർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു ചേച്ചി, ഇനി അടിപൊളിയാകും. ഇനി വിഷമിക്കരുത് കേട്ടോ'- എന്നാണ് സുലേഖയെ ആശ്വസിപ്പിച്ച് ആസിഫ് പറഞ്ഞത്.
ഇക്കാര്യം നടൻ പ്രസ് മീറ്റിലും പറഞ്ഞു. 'രേഖാചിത്രത്തിൽ അഭിനയിച്ച ഒരു ചേച്ചി ഭയങ്കരമായി വിഷമിച്ച് കരയുന്നത് കണ്ടു. സുലേഖ എന്നാണ് ചേച്ചിയുടെ പേര്. ഞാൻ കരുതി സിനിമ കണ്ട് അതിന്റെ ഇമോഷനിൽ കരയുകയാണെന്ന്. അടുത്ത് ചെന്നപ്പോഴാണ് ചേച്ചി പറഞ്ഞത്, രണ്ട് ഷോട്ടുള്ള സീനിൽ അഭിനയിച്ചിരുന്നുവെന്ന്. പലപ്പോഴും ഷൂട്ട് ചെയ്ത അത്രയും നമുക്ക് ഫൈനൽ എഡിറ്റിൽ കൊണ്ടുവരാൻ പറ്റില്ല. ചേച്ചി അഭിനയിച്ച സീക്വൻസ് എഡിറ്റിൽ പോയി.
ചേച്ചിയുടെ കൂടെ ഒരുപാട് സുഹൃത്തുക്കളും കുടുംബക്കാരും സിനിമ കാണാൻ വന്നിരുന്നു. ചേച്ചി സിനിമയിൽ ഇല്ലെന്ന് സിനിമ കണ്ടിരിക്കുമ്പോഴാണ് മനസിലാക്കുന്നത്. അത് അവർക്ക് ഒരുപാട് വിഷമം ഉണ്ടാക്കി'- എന്നാണ് താരം പറഞ്ഞത്. നടൻ സഹതാരത്തെ ആശ്വസിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |