കോട്ടയം: ഒരുവശത്ത് വില കുത്തനെ കുതിക്കുന്നു. മറുവശത്ത് സർവ്വത്രമായവും. കാപ്പികുടി ശീലമാക്കിയവർക്ക് കാപ്പിപ്പൊടി വില ഇത്തിരി കടുപ്പമാകും.
കാപ്പിപ്പൊടി വില കുതിച്ചുയർന്നതോടെ മായം കലർന്ന കാപ്പിപ്പൊടിയും വിപണിയിൽ വ്യാപകമാണ്. കാപ്പിക്കുരു കുത്തുമ്പോൾ അവശിഷ്ടമായി വരുന്ന തൊലി പോലും പൊടിച്ചുചേർത്ത് വിൽക്കുകയാണ്. മുമ്പ് കാപ്പിത്തൊലി കാലിതീറ്റ നിർമ്മാണത്തിന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഡിമാൻഡ് കൂടിയതോടെ ഇവ കിട്ടാനില്ലാത്ത അവസ്ഥയായി. സാധാരണ കാപ്പിപ്പൊടിക്ക് 750 800 രൂപവരെയായി. ബ്രാൻഡഡ് പൊടി വിലയും കുതിച്ചുയർന്നതോടെയാണ് മായം കലർത്തലും വർദ്ധിച്ചത്. നേരത്തേ പുളിങ്കുരു പൊടിച്ചു ചേർത്തിരുന്നസ്ഥാനത്ത് ചിക്കറി, സ്റ്റാർച്ച്, കടുക് എന്നിവ കൂടാതെ, കൃത്രിമ നിറങ്ങളായ പ്രഷ്യൻ ബ്ലൂ, ഇൻഡിഗോ, പ്ലംബാഗോ, എസൻസ് എന്നിവയും ചേർക്കുന്നു. തൂക്കം കൂട്ടാനായി ലോഹത്തരികളും മണ്ണുമൊക്കെ പാക്കറ്റുകളിൽ കലർത്തി വില്പനയ്‌ക്കെത്തുന്നുവെന്ന പരാതിയുണ്ട്.
ക്യാൻസറിന് ഉൾപ്പെടെ കാരണം
മായം കലർന്ന കാപ്പിപ്പൊടി വയറിനുള്ളിലെ ദഹനപ്രശ്നങ്ങൾക്കും ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കും കാരണമായി ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ കാപ്പിപ്പൊടിയിലെ മായം കണ്ടെത്താൻ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയില്ല. കാപ്പിപ്പൊടി വില വർദ്ധിച്ചതോടെ തട്ടുകടകളിൽ വരെ കാപ്പി വില കൂടി. വീടുകളിൽ ഒരു ദിവസം പല തവണ കടുംകാപ്പി കുടിക്കുന്നത് ശീലമാക്കിയ പലരും ഇപ്പോൾ കട്ടൻ ചായയിലേക്ക് തിരിഞ്ഞു.
തട്ടുകടകളിലും ഹോട്ടലുകളിലും
കടുംകാപ്പിക്ക് വില: 15 രൂപ
പൊടികാപ്പിക്ക് വില: 20 മുതൽ 30 രൂപ വരെ
കർഷകർക്ക് പ്രയോജനമില്ല
കാപ്പിപ്പൊടി വില ഉയർന്നിട്ടും പ്രയോജനം സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല. മണിമല, കാഞ്ഞിരപ്പള്ളി, കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി കാപ്പികൃഷി ഉണ്ടായിരുന്നു. പിന്നീട് വിലയിടിവിനെ തുടർന്ന് പലരും കാപ്പിവെട്ടി റബറിലേക്ക് തിരിഞ്ഞു.വില കൂടിയതോടെ കാപ്പികൃഷിക്ക് നീക്കം തുടങ്ങിയെങ്കിലും വിളവ് ലഭിക്കാൻ വർഷങ്ങളെടുക്കുമെന്നതിനാൽ ഉടൻ പ്രയോജനം ലഭിക്കില്ല.
1 മലയോരമേഖലയിൽ ഉൾപ്പെടെ കാപ്പിത്തോട്ടങ്ങൾ കുറഞ്ഞു
2 ഉത്പാദനം കുറഞ്ഞത് വില വർദ്ധനവിന് കാരണമായി.
ഗുണനിലവാരമില്ലാത്ത കാപ്പിപ്പൊടി വിപണിയിൽ സുലഭമാണ്. കാപ്പിതൊലി മാത്രമല്ല ആരോഗ്യത്തിനു ഹാനികരമായ പല വസ്തുക്കളും വ്യാപകമായി ചേർക്കുന്ന സാഹചരൃത്തിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തണം. (എബി ഐപ്പ്, ജില്ലാതല ഭക്ഷ്യോപദേശക വിജിലൻസ് സമിതിയംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |