ന്യൂയോർക്ക്: യു.എസിലെ കാലിഫോർണിയയിലുള്ള ഡെത്ത്‌വാലിയിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള വരണ്ട നദീതട പ്രദേശമാണ് 'റെയ്സ്ട്രാക്ക്'. സമുദ്രനിരപ്പിൽ നിന്നും 3,714 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ കല്ലുകൾക്ക് ഒരു പ്രത്യേകതയുണ്ട്. ചലന ശേഷി!
താഴ്‌വരയിൽ പ്രേതബാധയുണ്ടെന്നും അതല്ല, അന്യഗ്രഹ ജീവികളാണ് പാറകളുടെ ചലനത്തിന് കാരണം എന്നൊക്കെയായിരുന്നു പലരും വിശ്വസിച്ചിരുന്നത്. എന്നാൽ, 2014ൽ ഇതിന്റെ രഹസ്യം കണ്ടെത്തി. മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടെയോ യാതൊരു ഇടപെടലുമില്ലാതെ പാറകൾ ചലിക്കുന്ന പ്രതിഭാസമായ ' സെയ്ലിംഗ് സ്‌റ്റോൺ' ആണിത് എന്നാണ് കണ്ടെത്തിയത്. പക്ഷേ, കല്ലുകൾ എന്തുകൊണ്ട് ചലിക്കുന്നു എന്നത് അജ്ഞാതമായിരുന്നു.
1900കളിലാണ് ചലിക്കുന്ന പാറകളെ പറ്റിയുള്ള പഠനങ്ങൾ ആരംഭിച്ചത്. 2009ഓടെ പ്രത്യേക ക്യാമറകൾ ഉപയോഗിച്ച് കല്ലുകളുടെ ചലനം സൂഷ്‌മമായി നിരീക്ഷിക്കാൻ തുടങ്ങിയപ്പോഴാണ് രഹസ്യം കണ്ടെത്തിയത്.
താപനില കുറഞ്ഞ സമയങ്ങളിൽ പ്രദേശത്ത് മില്ലിമീറ്ററുകൾ മാത്രം കനമുള്ള നേർത്ത ഐസ് ഷീറ്റുകൾ രൂപപ്പെടുന്നു. താപനില കൂടുമ്പോൾ ഈ ഐസ് ഷീറ്റുകൾ തകരുന്നു. കാറ്റിൽ ഈ ഐസ് ഷീറ്റുകൾക്കൊപ്പം കല്ലുകളും മിനിട്ടിൽ അഞ്ച് മീറ്റർവരെ മുന്നോട്ട് നീങ്ങുന്നു. എക്കൽ മണ്ണും ഐസും ചേർന്ന് വളരെ മിനുസമുള്ളതായി പ്രദേശം മാറുന്നതിനാലാണ് ഇവ കാറ്റിൽ ചലിക്കുന്നത്.
കല്ലുകൾ നിരങ്ങി നീങ്ങിയതിന്റെ പാട് മണ്ണിൽ വ്യക്തമായി കാണാം. റെയ്സ്ട്രാക്കിന്റെ തെക്ക് ഭാഗത്താണ് ഈ പ്രതിഭാസം കൂടുതലും കാണപ്പെടുന്നത്. 15 മുതൽ 46 സെന്റിമീറ്റർ വരെ വ്യാസമുള്ളതാണ് ഇവിടത്തെ കല്ലുകൾ. ഏകദേശം 100 മീറ്റർ ( 330 അടി ) ദൂരത്തിൽ വരെ കല്ലുകൾ ചലിച്ച പാത കാണാൻ സാധിക്കും. എട്ട് മുതൽ 30 സെന്റിമീറ്റർ വരെ വീതിയും 2.5 സെന്റിമീറ്റർ ആഴവും ഈ പാതകൾക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |