മൂവാറ്റുപുഴ: സ്വന്തം വീടിനോട് ചേർന്ന് അര ഏക്കർ സ്ഥലത്ത് ഹരിത പാർക്ക് ഒരുക്കി ശ്രദ്ധേയനാകുകയാണ് ഈസ്റ്റ് വാഴപ്പിള്ളി ആട്ടായം പച്ചയിൽ സജി പി. മാത്യു. 1980ൽ നിർമ്മിച്ച പച്ചയിൽ തറവാട് വീട് ഇന്ന് പഴമ നിലനിർത്തി പച്ചയിൽ പുതച്ച് തലയെടുപ്പോടെ നിൽക്കുകയാണ്. ഈ വീടിന് ചുറ്റുമാണ് ഹരിത പാർക്ക് ഒരുക്കിയിരിക്കുന്നത്. നക്ഷത്ര വനം, കൊരണ്ടി, വെട്ടി, ഓടൽ ഉൾപ്പെടെ ഏകദേശം 26 തരം കാട്ടു പഴങ്ങൾ. കെപ്പൽ, ജബോട്ടിക്കബ, മിൽക്ക് ഫ്രൂട്ട് ഉൾപ്പെടെ ഏകദേശം 88 തരം ഫല വൃഷങ്ങൾ. കൂടാതെ 17 തരം മാവ്, 22തരം പ്ലാവ്, 11തരം മുളകൾ, തമ്പകം, മഞ്ചാടി, മരവുരി, സോപ്പ് മരം തുടങ്ങി 50 ൽ പരം അപൂർവവും അല്ലാത്തതുമായ മരങ്ങൾ. 18 തരം പൂമരങ്ങൾ, 25 ഇനം വാഴകൾ. ഇതൊക്കെയും അടങ്ങിയ സജിയുടെ ഹരിത വനം ആരുടെയും കണ്ണിന് കുളിർമയേകും.
അഞ്ച് വർഷം കൊണ്ടാണ് ഗാർഡനും പാർക്കും വനവുമെല്ലാം സജി ഒരുക്കിയത്. പാർക്കിനകത്ത് പഴയ കാലത്തെ ഓർമ്മകൾ ഉണർത്തി പെട്ടിക്കട, ചായക്കട, എസ്.ടി.ഡി ബൂത്ത്, കാളവണ്ടി, കൈവണ്ടി, കരിങ്കല്ലിൽ തീർത്ത അമ്മി, ഉരൽ, തൂക്കു കട്ടകൾ ഇരിപ്പിടങ്ങൾ, കൃത്രിമ വെള്ളച്ചാട്ടം, ഗുണാ കേവ് മോഡൽ, ഏറുമാടം, കുളിപ്പുര, വെള്ളം കോരുന്ന തേവ് കൊട്ട എന്നിവയെല്ലാം അതിന്റെ പഴമ നിലനിർത്തി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മീൻ കുളവും വിവിധയിനം പക്ഷികളും പാർക്കിലുണ്ട്. ഇതോടൊപ്പം പുരാവസ്തുക്കളുടെ വൻ ശേഖരം സൂക്ഷിക്കാൻ വീട്ടിന് മുകളിൽ പ്രത്യേകം സജ്ജീകരിച്ച മുറിയും ഉണ്ട്. അദ്ധ്യാപികയായ ഭാര്യ ലിസയും വിദ്യാർത്ഥികളായ മക്കൾ സാനിയയും രോഹനും പിന്തുണയായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |