നാവിൽ കൊതിയൂറുന്ന മാമ്പഴക്കാലത്തെ വരവേൽക്കുകയാണ് പാലക്കാട് ജില്ലയിലെ മുതലമട. 15 ഇനം മാമ്പഴങ്ങളും, 40 വ്യത്യസ്ത ഇനങ്ങളിലുള്ള നാട്ടുമാങ്ങകളും ഇടതൂർന്നു കായ്ച്ചുകിടക്കുന്ന സുന്ദരക്കാഴ്ചയും പ്രതിവർഷം നടക്കുന്ന 600 കോടി രൂപയുടെ മാങ്ങ ബിസിനസും ‘മാംഗോ സിറ്റി’യെന്ന വിളിപ്പേരു മുതമലടയ്ക്കു നൽകുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം, കനത്ത മഞ്ഞ്, ന്യൂനമർദ്ദം മൂലമുള്ള മഴ എന്നിവ ഇത്തവണ ഇല്ലാത്തതിനാൽ നല്ല വിളവ് ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. മാന്തോപ്പുകൾ നവംബറിൽ തന്നെ പൂവിട്ടു, ഇപ്പോഴത്തെ തെളിഞ്ഞ കാലാവസ്ഥ തുടർന്നാൽ ഫെബ്രുവരിയോടെ വിളവെടുപ്പ് ആരംഭിക്കാം. രാജ്യത്ത് ആദ്യം കായ്ക്കുകയും വിപണിയിലെത്തുകയും ചെയ്യുന്ന മാമ്പഴം മുതലമടയിൽ നിന്നുള്ളതാണ്. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി നവംബറിൽ പൂവിടുകയും ജനുവരി - ഫെബ്രുവരി മാസങ്ങളിൽ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യുന്നതിനാൽ രാജ്യത്തിനകത്തെയും പുറത്തെയും വിപണികളിൽ നല്ല വില ലഭിക്കാറുണ്ട്. ആദ്യം വിളവെടുക്കുന്ന ഭൂരിഭാഗവും കയറ്റുമതി ചെയ്യുകയാണു പതിവ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മാങ്ങ വരവു തുടങ്ങുന്ന ഏപ്രിൽ പകുതിയാകുമ്പോഴേക്കും ഇവിടത്തെ സീസൺ അവസാനിക്കും. പാലക്കാട് ചുരത്തിലെ കാലാവസ്ഥയുടെ പ്രത്യേകതയാൽ രാജ്യത്ത് ആദ്യം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മുതലമട മാമ്പഴത്തിനു കൊൽക്കത്ത, ഇൻഡോർ, ഡൽഹി, അഹമ്മദാബാദ്, മുംബൈ വിപണിയിൽ മികച്ച വില ലഭിക്കും. ഗൾഫ്, യൂറോപ്യൻ വിപണികളിലും ആവശ്യക്കാർ ഏറെയുണ്ട്. തുടർ നഷ്ടങ്ങളുണ്ടായ മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ വലിയ വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണു മാവുകർഷകരും വ്യാപാരികളും.
കയറ്റുമതി
45000 ടൺ
ജില്ലയിൽ മുതലമടയ്ക്ക് പുറമേ കൊല്ലങ്കോട്, നെന്മാറ, എലവഞ്ചേരി, വടവന്നൂർ, എരുത്തേമ്പതി, പെരുമാട്ടി, പട്ടഞ്ചേരി, പുതുനഗരം, വടകരപ്പതി തുടങ്ങിയ പത്ത് പഞ്ചായത്തുകളിൽ നിന്നായി മികച്ച വിളവാണ് കർഷകർ ഇക്കുറി പ്രതീക്ഷിക്കുന്നതെന്ന് മുതലമട മാംഗോ ഫാർമേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇവിടുത്തെ മാന്തോപ്പുകളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മാമ്പഴ വിപണിയിലൂടെ നിലവിൽ 600 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇക്കുറി ഇതിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കർഷകർ പറയുന്നു. ഒരു ഹെക്ടറിൽ നിന്ന് ചുരുങ്ങിയത് ഒരു ലക്ഷമാണ് വരുമാന നേട്ടമുണ്ടാകുക. സേലം കഴിഞ്ഞാൽ ഏഷ്യയിൽ ഏറ്റവുമധികം മാമ്പഴം കൃഷി ചെയ്യുന്ന ഇവിടെ നിന്ന് വിവിധ തരത്തിലുള്ള 45,000 ടണ്ണിലധികം മാമ്പഴമാണ് വിവിധയിടങ്ങളിലേക്ക് കയറ്റിയയക്കുന്നത്. മുതലമടയുടെ മാത്രം പ്രത്യേകതയായ സിന്ദൂരം, അൽഫോൻസ, കിളിമൂക്കൻ, നീലൻ, ബൻഗനപ്പള്ളി മാങ്ങകൾക്ക് ഗൾഫ് രാജ്യങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം ആവശ്യക്കാർ ഏറെയാണ്.
രുചിപ്പെരുമയിൽ മുതലമട മാമ്പഴത്തിനാണ് വിപണിയിൽ മുൻതൂക്കം. ഇക്കൂട്ടത്തിൽ, ഒരൽപ്പം നീണ്ട കാത്തിരിപ്പിന് ശേഷം മൂപ്പെത്തുന്ന അൽഫോൻസ ഇനത്തിന് പ്രിയമേറും. മറ്റിനങ്ങൾക്ക് ശരാശരി 80 - 90 ദിവസങ്ങൾ മതി മൂപ്പെത്താനെങ്കിൽ, അൽഫോൻസക്ക് നൂറ് ദിവസമെങ്കിലും ചുരുങ്ങിയത് വേണം. പഴച്ചാറുകൾക്ക് അൽഫോൻസയാണ് കൂടുതലായി ഉപയോഗിക്കുക. തോത്താപ്പുരി എന്ന ഇനവും ഈ സവിശേഷതയിൽപ്പെടുന്നു. ഏതാണ്ട് 35 ഇനം മാങ്ങകൾ മുതലമടയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. നിലവിൽ പരമ്പരാഗത വിപണികളായ യു.എ.ഇ, മറ്റ് ഗൾഫ് രാജ്യങ്ങൾ, യൂറോപ്യൻ യൂനിയൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യയിൽ നിന്ന് മാമ്പഴം കയറ്റിയയക്കുന്നത്. പാലക്കാട് നിന്ന് ഉത്പാദിപ്പിക്കുന്ന അൽഫോൻസ ഇനത്തിന് ഇതിൽ പ്രധാന സ്ഥാനമാണ്. 2019 - 20ൽ 5.60 കോടി ഡോളറിന്റെ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2020 ഏപ്രിലിൽ കയറ്റുമതി വരുമാനം 2.83 കോടി ഡോളർ മാത്രമായിരുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ മാമ്പഴം കയറ്റുമതി നടത്തി വരുമാന നേട്ടമുണ്ടാക്കാൻ ഇക്കുറി ആലോചിക്കുന്നുണ്ട്.
പെരുമയിൽ മുന്നിൽ
അൽഫോൻസാ
മുതലമടയുടെ മാമ്പഴപ്പെരുമയിൽ അൽഫോൻസാ മാമ്പഴമാണു മുന്നിൽ. ഏറ്റവും കൂടുതൽ കൃഷിയും നാട്ടുകാർ ആപ്പൂസ് എന്നു വിളിക്കുന്ന അൽഫോൻസായാണ്. ദോത്താപുരി (കിളിമൂക്ക്), ശെന്തൂരം, ബങ്കനപ്പള്ളി, ഹിമാപ്പശന്ത്, മല്ലിക, കാലാപ്പാടി, സുവർണരേഖ, ചക്കരക്കട്ടി, നീലം, മൽഗോവ, നടശാല, ഗുദാദത്ത്, ചന്ദ്രക്കാരൻ, പ്രിയോർ, റുമാനിയ എന്നിവയെല്ലാം ഇവിടെയുണ്ട്. രാജ്യാന്തര വിപണിയിൽ പെറു, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള മാങ്ങയോടാണു മത്സരം. യൂറോപ്യൻ രാജ്യങ്ങളിൽ പ്രിയം അൽഫോൻസയ്ക്കാണ്. ബങ്കനപ്പള്ളിക്കും ആവശ്യക്കാരേറെയുണ്ട്. ദുബായ്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ആവശ്യക്കാർ കൂടുതൽ ബങ്കനപ്പള്ളിക്കാണ്. ശെന്തൂരം, ദോത്താപുരി (കിളിച്ചുണ്ടൻ) എന്നിവയും പ്രിയപ്പെട്ടതാണ്. കാലാപാടി, ഹിമാപസന്ത് എന്നിവയ്ക്കു ഗൾഫ് മേഖലയിൽ ആവശ്യക്കാരുണ്ട്.
വേണം മാംഗോ ഹബ്ബ്
മുതലമട കേന്ദ്രീകരിച്ച് മാങ്ങയുടെ പ്രാഥമിക പ്രോസസിംഗ്, പാക്കിംഗ് സൗകര്യങ്ങൾക്കും കയറ്റുമതിക്കുമായി ആരംഭിക്കുന്ന മാംഗോ പാർക്കിനായി ഇനിയും എത്രനാൾ കാത്തിരിക്കണമെന്നാണ് കർഷകരുടെ ചോദ്യം. മുതലമട മാങ്ങകളുടെ പ്രോസസിംഗ്, വേർതിരിക്കൽ, ഗ്രേഡിംഗ്, റൈപ്പനിംഗ്, പാക്കിംഗ് എന്നിവയ്ക്കായ് പ്രത്യേകം സജ്ജീകരണങ്ങൾ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. 500 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ ഫയലിൽ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. 3500 മുതൽ 4000 ഹെക്ടർ വരെ വിസ്തൃതിയുള്ളതാണ് മുതലമട മാംഗോ ഗാർഡൻ. മാംഗോ പാർക്കിനായി 20 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |