കഴിഞ്ഞ ദിവസം തലശ്ശേരി അഡി. ജില്ല സെഷൻസ് കോടതി (മൂന്ന്) കണ്ണപുരം ചുണ്ടയിലെ റിജിത്ത് വധക്കേസിലെ വിധി പറയുമ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ വരാന്തയിൽ നെഞ്ചിടിപ്പോടെ ഒരമ്മയും സഹോദരിയും കാത്തിരിപ്പുണ്ടായിരുന്നു. റിജിത്തിന്റെ അമ്മ ജാനകിയും സഹോദരി റീജയും. വൈകി ലഭിക്കുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെങ്കിൽ കൂടിയും ഇവരുടെ 19 വർഷക്കാലത്തെ കാത്തിരിപ്പിനും കണ്ണീരിനും നേരിയ ആശ്വാസമാണ് ആ വിധി. 2005 ഒക്ടോബർ മൂന്നിനാണ് സി.പി.എം പ്രവർത്തകൻ റിജിത്ത് ശങ്കരനെ(26) ആർ.എസ്.എസ് -ബി.ജെ.പി പ്രവത്തർകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ ഒൻപത് പ്രതികൾക്കും തലശ്ശേരി അഡി. ജില്ല സെഷൻസ് കോടതി (മൂന്ന്) ജീവപര്യന്തം കഠിനതടവ് വിധിച്ചു. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു.
വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചതെന്നും തന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണുനീരിനും മനസിന്റെ തകർച്ചയ്ക്കും ആശ്വാസം നൽകാൻ വിധിയിലൂടെ സാധിച്ചുവെന്നും റിജിത്തിന്റെ അമ്മ പ്രതികരിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയും കൊലകത്തി എടുക്കാനും, കൊല ചെയ്യാനും പാടില്ലെന്നും വിധി വന്ന ദിവസം അവർ പറഞ്ഞു. നെയ്ത്ത് തൊഴിലാളിയായിരുന്ന റിജിത്തിന്റെ അച്ഛൻ ശങ്കരൻ അലച്ചി 17 വർഷം മകന്റെ നീതിക്കായി കാത്തിരുന്നെങ്കിലും രണ്ടുവർഷം മുൻപ് മരിച്ചു. നീതി ലഭിച്ചപ്പോൾ അത് കാണാൻ ഏറെ ആഗ്രഹിച്ച അച്ഛൻ ഇല്ലാതെ പോയതിന്റെ ദുഃഖം റിജിത്തിന്റെ സഹോദരനും കണ്ണൂരിൽ വിജിലൻസ് എ.എസ്.ഐയുമായ ശ്രീജിത്തും പങ്കുവച്ചു.
സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ചംഗമായിരുന്ന അലച്ചി ഹൗസിൽ റിജിത്തിനെ ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ പഞ്ചായത്ത് കിണറിന് സമീപത്ത് വച്ച് ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ്, സജീവൻ എന്നിവർക്കും പരിക്കേറ്റിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. വളപട്ടണം സി.ഐ ആയിരുന്ന ടി.പി. പ്രേമരാജനാണ് കേസന്വേഷിച്ചത്.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (57), കൊത്തിലതാഴെവീട്ടിൽ ജയേഷ് (41), ചാങ്കുളത്തുപറമ്പിൽ സി.പി. രഞ്ജിത്ത് (44), പുതിയപുരയിൽ പി.പി. അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ ഐ.വി. അനിൽകുമാർ (52), പുതിയപുരയിൽ പി.പി. രാജേഷ് (46), വടക്കേവീട്ടിൽ ഹൗസിൽ വി.വി.ശ്രീകാന്ത് (47), സഹോദരൻ വി.വി.ശ്രീജിത്ത് (43), തെക്കേവീട്ടിൽ ഹൗസിൽ ടി.വി.ഭാസ്‌കരൻ (67) എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരൽ (143), സംഘം ചേർന്ന് ലഹളയുണ്ടാക്കൽ (147), തടഞ്ഞുവയ്‌ക്കൽ (341), ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി. ഇതിൽ ഏഴ്, എട്ട്, ഒൻപത് ഒഴികെയുള്ള പ്രതികൾക്ക് ആയുധം കൈയിൽ വച്ചതുമായി ബന്ധപ്പെട്ട് 148-ാം വകുപ്പ് പ്രകാരം മൂന്നുവർഷം കഠിനതടവും ലഭിച്ചിട്ടുണ്ട്. കേസിലെ ഒൻപത് പ്രതികളും ഒരു ലക്ഷം രൂപ പിഴ ഒടുക്കണം. ഈ തുക റിജിത്തിന്റെ കുടുംബത്തിന് നൽകണം.
നിർണ്ണായകമായ
സാക്ഷിമൊഴികൾ
സംഭവസമയത്ത് റിജിത്തിന്റെ ഒപ്പമുണ്ടായിരുന്ന വെട്ടേറ്റ മൂന്ന് പേരുടെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസിൽ നിർണ്ണായകമായത്. നേരിട്ടുള്ള സാക്ഷിമൊഴികൾ കേസിന് ബലം നൽകി. റിജിത്തിനെ കൊലപ്പെടുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. ഒപ്പം റിജിത്തിന്റെ രക്തക്കറയും പ്രതികളുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തി. ഇതെല്ലാം കേസിൽ വഴിത്തിരിവായി. രണ്ടാം പ്രതി കൊത്തിലതാഴെവീട്ടിൽ ജയേഷ് റിജിത്തിന്റെ പുറത്ത് ആഴത്തിൽ കുത്തിയതാണ് മരണത്തിനിടയാക്കിയത്. മറ്റ് പ്രതികളുടെ സഹായത്തോടെയാണ് ജയേഷ് കുത്തിയത്. ഇത് പ്രോസിക്യൂഷന് കോടതിയിൽ സ്ഥാപിക്കാൻ കഴിഞ്ഞതും കേസിൽ നിർണ്ണായകമായി. റിജിത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും കൊലപ്പെടുത്തുകയെന്ന ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 307-ാം വകുപ്പുപ്രകാരം വധശ്രമത്തിന് ഒൻപത് പ്രതികൾക്കും പത്ത് വർഷം തടവ് ലഭിച്ചു.
വൈകിയെത്തിയ നീതി
കേസിൽ 2006 ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ തുടങ്ങിയത് 2018ലാണ്. ധാരാളം കേസുള്ളതുകൊണ്ട് വിചാരണ നീണ്ടുപോവുകയായിരുന്നു. മൊത്തം അഞ്ച് ന്യായാധിപന്മാർ വാദം കേട്ടു. 2018 ഒക്ടോബർ മൂന്നിന് അഡിഷണൽ ജില്ലാ സെഷൻസ് (മൂന്ന്) ജഡ്ജി ആർ.എൽ.ബൈജു മുമ്പാകെയാണ് വിചാരണ ആരംഭിച്ചത്. മൂന്ന് സാക്ഷികളുടെ ചീഫ് വിസ്താരം കഴിഞ്ഞപ്പോൾ കോടതി പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആരോപണമുണ്ടായി.സംഭവസ്ഥലത്തു നിന്നു ലഭിച്ച ആയുധം ഉറ തുറന്ന് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കാണിച്ചത് നിയമ പ്രകാരമല്ലെന്നും മാർക്ക് ചെയ്യരുതെന്നും പ്രതിഭാഗം വാദിച്ചു. കോടതി അംഗീകരിച്ചില്ല. കോടതി മാറ്റത്തിനായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചു. വിചാരണ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിലേക്ക് മാറ്റി. ജഡ്ജി ഹാരിസ് കേസ് പരിഗണിച്ചു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ കേസ് ഏറ്റെടുത്തു.കൊവിഡ് ലോക്ഡൗണിന് മുൻപ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെയായിരുന്നു കേസ്. കൊവിഡ് കാലത്ത് മൂന്ന് വർഷം വിചാരണ മുടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം 2023 ആഗസ്റ്റ് ഒൻപതിനാണ് വിചാരണ വീണ്ടും ആരംഭിച്ചത്. അഡിഷണൽ ജില്ലാ സെഷൻസ് (മൂന്ന്) ജഡ്ജി റൂബി കെ.ജോസാണ് വാദം കേട്ട് വിധി പറഞ്ഞത്.
ഓർമ്മകൾ മങ്ങാതെ
സുഹൃത്ത് വിമൽ
കണ്ണപുരത്തെ റിജിത്തിന്റെ കൊലപാതകത്തിൽ പരിക്കേറ്റ സുഹൃത്ത് വിമൽ, ഇന്നും മനസിൽ ആ രാത്രിയുടെ ഓർമ്മ തളംകെട്ടി നിൽക്കുന്നുവെന്നാണ് വിധി പുറത്തുവന്ന ദിവസം പ്രതികരിച്ചത്. ഒട്ടും പ്രതീക്ഷാതെയായിരുന്നു ഇരുട്ടിന്റെ മറവിൽ പതുങ്ങിയിരുന്ന ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ തന്റെ തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. ഇന്നും അതിന്റെ അസ്വസ്ഥതകളുമായാണ് താൻ ജീവിക്കുന്നതെന്നും വിമൽ പറയുന്നു. സുഹൃത്തുക്കളായ നികേഷ്, വികാസ്, സജീവൻ എന്നിവരുമുണ്ടായിരുന്നു. നിർമ്മാണതൊഴിലാളികളായിരുന്നു ഇവരെല്ലാവരും. ജോലി കഴിഞ്ഞ് സംസാരിച്ച് നടന്നു നീങ്ങുമ്പോൾ തൊട്ടടുത്ത കിണറിന് സമീപം പ്രതികളായ പത്ത് പേരും മാരകായുധങ്ങളുമായി കാത്തിരിക്കുന്നത് അറിഞ്ഞിരുന്നില്ലെന്ന് വിമൽ പറഞ്ഞു. ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പഞ്ചായത്ത് കിണറിന് സമീപത്ത് വച്ച് സംഘം ആക്രമിച്ചത്. കത്തി, വാൾ, കടാര എന്നിവ കൊണ്ടായിരുന്നു ആക്രമണം. കുത്തേറ്റ റിജിത്ത് അവിടെ വച്ചു തന്നെ മരിച്ചു. സംഭവത്തിന്റെ തലേ ദിവസം ചെറിയ തർക്കമുണ്ടായിരുന്നുവെങ്കിലും ഇത്രയും ഭീകരമായ ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിമൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |