കഞ്ചിക്കോട്: വാളയാർ ബസ് സ്റ്റാൻഡ് എന്ന സ്വപ്നത്തിന് നിറം പകർന്ന് പുതുശ്ശേരി പഞ്ചായത്ത്. അടുത്ത സാമ്പത്തിക വർഷം ബസ് സ്റ്റാൻഡിന്റെ സ്ഥലമെടുപ്പും നിർമ്മാണ പ്രവർത്തനവും തുടങ്ങാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വാളയാറിൽ ഇറിഗേഷന്റെ അധീനതയിലുള്ള സ്ഥലം ഏറ്റെടുത്ത് അവിടെ ബസ് സ്റ്റാൻഡ് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി യോഗത്തിൽ ഇത് സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ നടന്നു. ജില്ലയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ വാളയാർ, കഞ്ചിക്കോട് മേഖലയുടെ ബസ് സ്റ്റാൻഡ് സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാളയാറിൽ ബസ് സ്റ്റാൻഡ് വരുന്നതോടെ
വ്യവസായ തലസ്ഥാനത്ത് ബസ് സ്റ്റാൻഡില്ലെന്ന പരിമിതി ഇല്ലാതാകും.
കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത വാളയാർ വഴിയാണ് കടന്ന് പോകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് ബസ് റൂട്ടുകളുണ്ട്. വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം യാത്രയ്ക്കായി സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.
ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ ബസുകൾ പല സ്ഥലങ്ങളിലായാണ് നിറുത്തിയിടുന്നത്. വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബസ് ഇറങ്ങി ദീർഘദൂരം നടക്കുകയോ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടി വരികയോ ചെയ്യുന്നു. വാളയാറിൽ ബസ് സ്റ്റാൻഡ് വന്നാൽ വ്യവസായ മേഖലയിലേക്കുള്ള യാത്രക്കാർക്കായി ടൗൺ ബസ് സൗകര്യം ഒരുക്കാൻ കഴിയും. ബസുകൾ റോഡരികിൽ നിറുത്തിയിടുന്ന സ്ഥിതി മാറും. വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഒരു പോയിന്റ് വരുന്നതോടെ വാളയാർ, കഞ്ചിക്കോട് മേഖലയിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും. അടുത്ത സാമ്പത്തിക വർഷം വാളയാർ ബസ് സ്റ്റാൻഡിനായി ഫണ്ട് നീക്കിവയ്ക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി സുരേഷ് പറഞ്ഞു. വാളയാർ ബസ് സ്റ്റാൻഡ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പുതുശേരി പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് കെ.അജീഷ് പറഞ്ഞു. സ്ഥലമെടുപ്പും നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങാൻ വേണ്ട കാര്യങ്ങൾക്കാണ് ആദ്യം ഊന്നൽ നൽകുക.ഈ മേഖലയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണിത്. മുൻ ഭരണസമിതികൾ ഇത് അവഗണിക്കുകയായിരുന്നുവെന്നും അജീഷ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |