കൊച്ചി: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നികത്തിയ ഭൂമിയിൽ നിർമ്മിക്കുന്ന 3,000 ചതുരശ്രയടിയിലധികം വലിപ്പമുള്ള കെട്ടിടങ്ങൾക്ക്, ചതുരശ്രയടിയ്ക്ക് 100 രൂപവീതം ഫീസ് അടയ്ക്കണമെന്ന ചട്ടഭേദഗതി നിയമ വിരുദ്ധമെന്ന് ഹൈക്കോടതി.
ഹർജിക്കാർക്ക് നാലു മാസത്തിനകം തുക തിരിച്ചുകൊടുക്കാൻ കോടതി നിർദേശിച്ചു.
ചട്ടഭേദഗതി 2008ലെ നെൽവയൽ തണ്ണീർത്തട നിയമത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. വലിയ വീടുകൾക്ക് അധികഫീസ് ഈടാക്കുന്ന ചട്ടഭേദഗതി ചോദ്യംചെയ്ത് ഫയൽചെയ്ത ഒരുകൂട്ടം ഹർജികളാണ് പരിഗണിച്ചത്.
അധികഫീസ് ഈടാക്കാതെതന്നെ കെട്ടിടപെർമിറ്റ് അനുവദിക്കണം.
നിയമത്തെ മറികടക്കുന്ന ചട്ടം രൂപീകരിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
നികത്തുഭൂമിയിൽ വൻകിട നിർമ്മിതികൾ പ്രോത്സാഹിപ്പിക്കാതിരിക്കാനാണ് ഇത്തരമൊരു ചട്ടം രൂപീകരിച്ചതെന്നും ഇതിലൂടെ ലഭിക്കുന്ന തുക നെൽ കർഷകർക്കുള്ള ആശ്വാസഫണ്ടിൽ നിക്ഷേപിക്കുകയാണെന്നുമുള്ള സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
ചാനൽ അവതാരകനെതിരെ
ബാലാവകാശ കേസ്
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട വാർത്താ അവതരണത്തിൽ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതിന് റിപ്പോർട്ടർ ചാനൽ അവതാരകൻ ഡോ.അരുൺകുമാറിനെതിരെ
ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയാ കേസെടുത്തു. ഒപ്പന മത്സരത്തിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് അരുൺ കുമാർ ദ്വയാർത്ഥ പ്രയോഗം നടത്തിയത്. ചാനൽ മേധാവിയിൽനിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മിഷൻ അടിയന്തര റിപ്പോർട്ടു തേടി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർനടപടികൾ.
വാർഡ് വിഭജനം:16042 പരാതികൾ, 16മുതൽ ഹിയറിംഗ്
തിരുവനന്തപുരം:ഗ്രാമപഞ്ചായത്തുകളിലേയും മുനസിപ്പാലിറ്റികളിലേയും വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ച16042 പരാതികളിൽ 16മുതൽ ഡീലിമിറ്റേഷൻ കമ്മിഷൻ നേരിട്ട് ഹിയറിംഗ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.16ന് പത്തനംതിട്ടയിൽ നിന്നാണ് തുടക്കം.
941ഗ്രാമപഞ്ചായത്തുകൾ, 87മുനിസിപ്പാലിറ്റികൾ,ആറ് കോർപ്പറേഷനുകൾ എന്നിവയിലെ കരട് വാർഡ് വിഭജനനിർദ്ദേശം നവംബർ 18ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേൽ ഡിസംബർ നാല് വരെ ലഭിച്ച പരാതികളിലാണ് നേരിട്ട് ഹിയറിംഗ്.
സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെയാണ് ഹിയറിംഗിന് വിളിച്ചിരിക്കുന്നത്. ഹിയറിംഗിന് ശേഷം അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.
#ജില്ലതിരിച്ചുള്ള ഹിയറിംഗ് തീയതിയും ബ്രാക്കറ്റിൽ പരാതികളുടെ എണ്ണവും
16ന് പത്തനംതിട്ട (546), 17ന് കോട്ടയം (562), 18ന് ഇടുക്കി (482), 28ന് കൊല്ലം (869), 29ന് ആലപ്പുഴ (723),30ന് എറണാകുളം (1010), 31ന് തൃശൂർ (1230), ഫെബ്രുവരി 4ന് പാലക്കാട് (1112), 5, 6തീയതികളിൽ മലപ്പുറം (2840), 11ന് കാസർകോട് (843), 12ന് കണ്ണൂർ (1379), 13, 14തീയതികളിൽ കോഴിക്കോട് (1957), 15ന് വയനാട് (487), 21, 22 തീയതികളിൽ തിരുവനന്തപുരം (2002)
ജി.എസ്.ടി റിട്ടേൺസ് :തീയതിനീട്ടണം
തിരുവനന്തപുരം: ജി.എസ്.ടി വെബ്സൈറ്റിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ഡിസംബർ മാസത്തെ ജി.എസ്.ടി റിട്ടേൺസ് സമർപ്പിക്കാനാവുന്നില്ലെന്നും റിട്ടേൺസ് സമർപ്പിക്കുന്നതിനുള്ള തീയതികൾ നീട്ടി നൽകണമെന്നും കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ജി.എസ്.ടി കൗൺസിലിനോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |