കാട്ടാക്കട: നാടിനെ നടുക്കിയ സി.പി.എം പ്രവർത്തകനായ അമ്പലത്തിൻകാല ശ്രീകുമാറിനെ(അശോകൻ) കൊല ചെയ്ത കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രദേശവാസികൾ. പത്ത് വർഷത്തോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ഈ മാസം 15ന് വിധി പറയുന്നത്.
2013 മേയ് അഞ്ചിന് വൈകുന്നേരം ആറരയോടെയാണ് ഇരുപതോളം പേരുൾപ്പെട്ടവർ രണ്ടും മൂന്നും സംഘങ്ങളായി തിരിഞ്ഞു അശോകനെ വീട്ടിൽ നിന്നു വിളിച്ചിറക്കി ജംഗ്ഷനിൽ എത്തിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
പത്തൊൻപതു പ്രതികൾ ഉള്ള കേസിൽ എട്ടാം പ്രതി ശ്രീകാന്ത് ഒൻപതാം പ്രതി കൊച്ചു എന്ന സുരേഷ് എന്നിവർ മാപ്പുസാക്ഷികളാവുകയും ആക്കോടൻ സജു എന്ന ആൾ ആത്മഹത്യ ചെയ്യുകയും ചെയ്തു.
ആർ.എസ്.എസ് മണ്ഡലം കാര്യ വാഹക് ആയിരുന്ന രാജഗോപാൽ മുഖ്യ ശിക്ഷക് ശംഭു എന്നിവരുടെ ബ്ലേഡ് മാഫിയ ഇടപാടുകളെ തുടർന്നുള്ള വിഷയമാണ് സംഭവത്തിൽ കലാശിച്ചത്.പലിശക്ക് കൊടുത്തിരുന്ന ഒരാളെ വാഹനം തടഞ്ഞു നിറുത്തി പലിശ നൽകാത്തതിന് വാഹനം പിടിച്ചെടുക്കുകയും മർദ്ദിക്കുകയും ചെയ്തത് കണ്ട് അശോകൻ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായും കൊലപാതകത്തിൽ കലാശിച്ചതും.
കൊലയാളികൾക്ക് പരമാവധി ശിക്ഷ : സഹോദരി
കാട്ടാക്കട:അശോകൻ എന്ന ശ്രീകുമാറിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിൽ ആശ്വാസമുണ്ടെങ്കിലും കൊലപാതകത്തിന് നേതൃത്വം നൽകിയ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹക് രാജഗോപാൽ ഉൾപ്പെടെയുള്ള എട്ട് പ്രതികളെ കുറ്റവിമുക്തമാക്കിയതിൽ മനോവിഷമം ഉണ്ടെന്ന് അശോകന്റെ സഹോദരി അനസൂയ കേരള കൗമുദിയോട് പ്രതികരിച്ചു.
കുറ്റക്കാരായി കോടതി കണ്ടെത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി കുറ്റവിമുക്തരാക്കിയ പ്രതികൾക്കെതിരെ നിയമപോരാട്ടം തുടരുന്നത് നിയമവിദഗ്ദ്ധരുമായും പാർട്ടി നേതൃത്വവുമായും ആലോചിച്ച് തീരുമാനിക്കും. ഈ കൊലപാതക കേസിലെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് നടത്തിയത്. പ്രതികളിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റിയ അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ദൃക്സാക്ഷികളായവരെപ്പോലും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തയ്യാറായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |