കൊച്ചി: പ്രകൃതിദുരന്ത രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വ്യോമസേന 2021ന് മുമ്പ് കേരളത്തിൽ നടത്തിയ എയർലിഫ്റ്റിംഗിന്റെ ബിൽത്തുക പിന്നീട് മതിയെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന് കേന്ദ്രം കത്തുംനൽകി. കത്ത് വയനാട് വിഷയം പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിൽ ഹാജരാക്കി. പഴയ എയർലിഫ്റ്റിംഗ് ബില്ലായി വരുന്ന 120കോടിരൂപ വയനാട് ദുരിതബാധിതരുടെ പുനരധിവാസത്തിന് വിനിയോഗിക്കാൻ സർക്കാരിന് കോടതി അനുമതി നൽകി.
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിതീവ്രദുരന്തമായി അംഗീകരിച്ചതായും കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. അതിനാൽ കൂടുതൽ ഫണ്ട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ കഴിയും. ദുരന്ത പ്രതികരണ ഫണ്ടടക്കം ഉപയോഗിക്കാനാണ് ഇതോടെ ഇളവ് ലഭിക്കുക.
2021ന് മുമ്പുള്ള എയർലിഫ്റ്റിംഗ് ബിൽ ആയ 120കോടിരൂപ അടക്കം അടച്ചുതീർക്കണമെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഇളവ് അനുവദിക്കാനാകുമോ എന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചത്. ഇന്നലെയാണ് കേന്ദ്രം വ്യക്തതവരുത്തിയത്.
കേസിൽ കക്ഷിചേരാൻ വയനാട് സ്വദേശി ബൈജുപോൾ മാത്യൂസ് അപേക്ഷ നൽകി. ദുരന്തബാധിതരുടെ പ്രതിനിധിയെന്നാണ് വിശദീകരിച്ചത്. പറയാനുള്ളത് അമിക്കസ് ക്യൂറിയെ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
വിഷയം 16ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |