ന്യൂഡൽഹി : ഉത്തർപ്രദേശ് സംഭാലിലെ ഷാഹി ജമാ മസ്‌ജിദിനോട് ചേർന്ന കിണറിന് സമീപം പൂജയും സ്‌നാനവും വിലക്കി സുപ്രീംകോടതി. കിണറുമായി ബന്ധപ്പെട്ട് സംഭാൽ മുനിസിപ്പൽ അധികൃതർ നൽകിയ നോട്ടീസിൽ തുടർനടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. സർവേ നടത്താനുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. നിലവിലെ സ്ഥിതി എന്താണ് എന്നതടക്കം വ്യക്തമാക്കി മുനിസിപ്പൽ അധികൃതർ രണ്ടാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. ഫെബ്രുവരി 21ന് വിഷയം വീണ്ടും പരിഗണിക്കും.
വാദപ്രതിവാദം
മുസ്ലിം വിശ്വാസികൾ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ് കിണറെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ വാദിച്ചു. മേഖല ഹരി മന്ദിർ ആണെന്ന് പറഞ്ഞ് നോട്ടീസ് നൽകിയിരിക്കുകയാണ്. ഉടൻ പൂജ തുടങ്ങാൻ സാദ്ധ്യതയുണ്ടെന്നും അറിയിച്ചു. കിണറിന്റെ പകുതി മസ്ജിദ് വളപ്പിലും ബാക്കി പുറത്തുമാണെന്ന് ചൂണ്ടിക്കാട്ടി. മുൻപ് പൂജ നടന്നിരുന്ന തീർത്ഥാടന മേഖലയിലാണിതെന്ന് എതിർകക്ഷികളുടെ അഭിഭാഷകൻ മറുവാദം ഉന്നയിച്ചു.സമാധാനവും ഐക്യവും നിലനിൽക്കണമെന്ന് കോടതി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |