കൊച്ചി: തീരദേശ നിയന്ത്രണ മേഖലയുടെ ദൂരപരിധി നിയമം ഭേദഗതിചെയ്ത സാഹചര്യത്തിൽ ഭവന നിർമ്മാണത്തിന് നേരത്തെ അനുമതി നിഷേധിച്ച അർഹരായ അപേക്ഷകർക്ക് അനുമതി നൽകാൻ ഹൈക്കോടതി ഉത്തരവ്. വൈപ്പിൻ എടവനക്കാട് സ്വദേശി ദീപ്തി സുരേഷിന്റെ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. വേലിയേറ്റരേഖ കണക്കാക്കി വീട് നിർമ്മാണത്തിന് പഞ്ചായത്ത് പെർമിറ്റ് നൽകണമെന്നാണ് ഉത്തരവ്.
തീരനിയന്ത്രണ വിജ്ഞാപനപ്രകാരം നിർമ്മാണ നിരോധിത മേഖലയിൽപ്പെട്ട പൊക്കാളി പാടങ്ങൾ, ചെമ്മീൻ കെട്ടുകൾ മുതലായ സ്ഥലങ്ങളിൽ വേലിയേറ്റരേഖ വരുന്നിടത്ത് സ്ലൂയിസ് ബണ്ട് ഗേറ്റുകൾ ഉണ്ടെങ്കിൽ നിരോധനത്തിനുള്ള അകലം കണക്കാക്കേണ്ടത് ബണ്ട് ഗേറ്റിൽ നിന്നാണെന്ന് നിയമഭേദഗതി വന്നിരുന്നു. എന്നാൽ അത് സംബന്ധിച്ച് മാപ്പ് പുറത്തിറങ്ങിയത് കഴിഞ്ഞ നവംബറിലാണ്. നേരത്തെ വരമ്പാണ് അതിർത്തിയായി കണക്കാക്കിയിരുന്നത്. പൊക്കാളി പാടങ്ങളുടെയും ചെമ്മീൻ കെട്ടുകളുടെയും പരിസരത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് പെർമിറ്റ് ലഭിക്കാൻ ഇപ്പോഴും തടസമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ബണ്ട് ഗേറ്റിൽ നിന്ന് 100 മീറ്ററിലേറെ അകലമുണ്ടായിട്ടും അനുമതി നിഷേധിച്ചതാണ് ഹർജിക്കാരി ചോദ്യംചെയ്തത്. പുതിയ നിയമപ്രകാരം 50 മീറ്റർ അകലം മതിയാവും. പുതിയ അപേക്ഷകളിൽ തീരമേഖല മാനേജ്മെന്റ് അതോറിറ്റിയുടെ ശുപാർശ ആവശ്യപ്പെടാതെ തന്നെ അനുമതി നൽകാനാണ് കോടതി നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |