തിരുവനന്തപുരം: ജനുവരിയിലെ കേന്ദ്രനികുതി വിഹിതമായി സംസ്ഥാനത്തിന് 3330.83 കോടി രൂപ കിട്ടി. അടുത്ത ചൊവ്വാഴ്ച 2500 കോടി വായ്പയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 31വരെ എടുക്കാൻ അനുവദിച്ചിട്ടുള്ളത് 5510 കോടിയാണ്.
അതേസമയം, മാർച്ച് വരെ ചെലവ് ക്രമീകരിക്കാൻ 17000 കോടിയുടെ വായ്പാനുമതിക്കുള്ള അപേക്ഷയിൽ കേന്ദ്രം തീരുമാനമൊന്നുമെടുത്തിട്ടില്ല. ഡിസംബർ വരെ 23000 കോടിക്കായിരുന്നു വായ്പാനുമതി. പലതവണ പുതുക്കി 32000 കോടിയെടുത്തു. ഇതിന് പുറമെയാണ് അധികവായ്പയ്ക്ക് അനുമതി തേടിയത്.
കേന്ദ്രത്തിന്റെ ഡിവിസീവ് പൂളിൽ സംസ്ഥാനങ്ങക്ക് മാറ്റിവച്ച 1.73 കോടി രൂപയുടെ നികുതി വരുമാനത്തിൽ നിന്നാണ് 3330.83 കോടി അനുവദിച്ചത്. നികുതി വരുമാനത്തിൽ 41 ശതമാനമാണ് സംസ്ഥാനങ്ങൾക്കെല്ലാം കൂടി പങ്കുവയ്ക്കുന്നത്. കേരളത്തിന് കിട്ടുക തുകയുടെ 1.92 ശതമാനം മാത്രം. നേരത്തേ 3.42 ശതമാനം കിട്ടുമായിരുന്നു. പതിനാലാം ധനകാര്യകമ്മിഷൻ കാലയളവിൽ കേന്ദ്രം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതോടെ കേരളത്തിന് വിഹിതം കുറഞ്ഞു. ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങൾക്ക് വിഹിതം കൂടുകയും ചെയ്തു. ഈമാസം ഉത്തർപ്രദേശിന് 31039. 84 കോടിയും ബീഹാറിന് 17403.36 കോടിയുമാണ് കിട്ടിയത്.
പുതുവത്സരത്തിൽ കേരളത്തിന് 3,330 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സർക്കാരിനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |