തിരുവനന്തപുരം:പതിനഞ്ചു ലക്ഷം കർഷകർക്ക് ഗുണംകിട്ടുന്ന ലോകബാങ്ക് സഹായത്തോടെയുള്ള 2365.5കോടിയുടെ 'കേര'പദ്ധതിയിൽനിന്ന് നബാർഡ് പിന്മാറുന്നു. പദ്ധതിഡയറക്ടറായിരുന്ന പ്രിൻസിപ്പൽസെക്രട്ടറി ഡോ.ബി.അശോകിനെ കൃഷിവകുപ്പിൽ നിന്നൊഴിവാക്കി തദ്ദേശസ്വയംഭരണ കമ്മിഷനാക്കുകയും ലോകബാങ്കിൽ നിന്ന് പണംസ്വീകരിക്കാനുള്ള തുടർ നടപടികൾക്ക് ആളില്ലാതാവുകയും ചെയ്തതോടെയാണ് നബാർഡിന്റെ പിന്മാറ്റം. സംസ്ഥാനവിഹിതമായ 709.65കോടി നബാർഡ് നൽകാമെന്നാണ് ഏറ്റിരുന്നത്. സർക്കാരിന് സാമ്പത്തികബാദ്ധ്യതയില്ലാതെ പദ്ധതി നടപ്പാക്കാനുള്ള വഴിയായിരുന്നുഇത്.
നബാർഡിന്റെ 'റിയാസ്' പദ്ധതിയിൽപെടുത്തി പണംഅനുവദിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവേയാണ് അശോകിനെ തെറിപ്പിച്ചത്. പദ്ധതിനടത്തിപ്പ് തുടക്കത്തിലേ അവതാളത്തിലായതിനാൽ, പിന്മാറുകയാണെന്നും 709.65കോടി സഹായത്തിനായുള്ള ചർച്ചകൾ നിറുത്തിവയ്ക്കുന്നതായും നബാർഡ് ചെയർമാൻ സർക്കാരിനെ അറിയിച്ചു. അടുത്തയാഴ്ച ഇക്കാര്യമറിയിച്ച് കത്തുനൽകും. പദ്ധതി ഡയറക്ടറായിരുന്ന അശോകിനെ തെറിപ്പിച്ചതിന് പുറമെ, 32 ഉന്നത തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനങ്ങൾ നടത്തിയതുമില്ല. 15ലക്ഷം കർഷകരുടെ രക്ഷാപദ്ധതി പാളുന്നതായി 'കേരളകൗമുദി' ഇന്നലെറിപ്പോർട്ട് ചെയ്തിരുന്നു.
2365.5കോടിയുടെ പദ്ധതിയിൽ നടത്തിപ്പധികാരം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് അശോകിനെ ധൃതഗതിയിൽ തെറിപ്പിച്ചതെന്ന് സൂചന. തദ്ദേശസ്വയംഭരണ കമ്മിഷൻ രൂപീകരിച്ച് വിജ്ഞാപനമിറക്കും മുൻപാണ് അതിലേക്ക് നിയമനം നൽകിയത്. അശോകിനെ ഒഴിവാക്കുക മാത്രമായിരുന്നു ലക്ഷ്യം. ഐ.എ.എസുദ്യോഗസ്ഥരെ സർക്കാരിന് പുറത്തേക്ക് മാറ്റാൻ കേന്ദ്രാനുമതി തേടുകയും ഉദ്യോഗസ്ഥരുടെ സന്നദ്ധത ആരായുകയും ചെയ്യേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ല. തദ്ദേശകമ്മിഷന് ടേംസ് ഒഫ് റഫറൻസ് നിശ്ചയിക്കുകയോ അധികാരങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. നിലവിലെ തദ്ദേശനിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുകയാണ് ചുമതല. ഇതിനായി റിട്ട. ജഡ്ജിമാരെയാണ് ചുമതലപ്പെടുത്താറുള്ളത്. 13 പ്രിൻസിപ്പൽസെക്രട്ടറി തസ്തികയിൽ ആറെണ്ണം ഒഴിഞ്ഞുകിടക്കവേയാണ് അശോകിനെ മാറ്റിയത്.
ലോകബാങ്ക് റെഡി,
ഇവിടെ ഇഴച്ചിൽ
സ്മാർട്ട് കൃഷിയിലൂടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കിയും കൂടുതൽവിപണി കണ്ടെത്തിയും കർഷകരെ വിപണികളുമായി ബന്ധിപ്പിച്ചും അവരെ രക്ഷപെടുത്താനുള്ള കേരപദ്ധതിക്ക് പണംനൽകാൻ ലോകബാങ്ക് റെഡിയാണ്.
കഴിഞ്ഞ മാർച്ചിൽ കേന്ദ്രത്തിന്റെയും ഒക്ടോബറിൽ ലോകബാങ്കിന്റെയും അനുമതികിട്ടിയതാണ്. ലോകബാങ്കുമായി കരാറൊപ്പിട്ടെങ്കിലും പദ്ധതിനിർവഹണ വിവരങ്ങൾ നൽകിയിട്ടില്ല.
പദ്ധതിനടത്തിപ്പിന്റെ ചുമതലയുള്ളവരുടെ വിവരങ്ങളടക്കം13 ഇനങ്ങൾ ഉൾപ്പെട്ട പ്രോജക്ട് റെഡിനെസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനിടെയാണ് അശോകിനെ മാറ്റിയത്. മാർച്ചിനകം 50കോടിയും അടുത്തവർഷം 400കോടിയും കിട്ടേണ്ടതാണ്.
പണംവരുന്നതിങ്ങനെ
₹906കോടി
മൂല്യവർദ്ധിതകൃഷിക്ക്
₹805.34കോടി
കാലാവസ്ഥാപ്രതിരോധം
₹511.72കോടി
അഗ്രിബിസിനസിന്
₹167.78കോടി
പദ്ധതിനടത്തിപ്പിന്
30 വർഷം
ലോകബാങ്ക് വായ്പയ്ക്ക് ഇരുപത്തിമൂന്നര വർഷം തിരിച്ചടവ് കാലാവധിയും 6 വർഷം മൊറട്ടോറിയവുമുണ്ട്. 2029മാർച്ച് വരെയാണ് പദ്ധതിയുടെ കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |