രാജ്‌കോട്ട്: അയര്‍ലന്‍ഡിനെതിരായ വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്രിന്റെ അനായാസം ജയം നേടി ഇന്ത്യന്‍ പെണ്‍പട. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടി. മറുപടിക്കറിങ്ങിയ ഇന്ത്യ 34.3 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. ഇതോടെ 3 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
96 പന്ത് നേരിട്ട് 89 റണ്‍സ് നേടിയ പ്രതിക റാവലിന്റെയും 46 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്ന തേജല്‍ ഹസബ്നിസിന്റെയും 29 പന്തില്‍ 41 റണ്‍സ് നേടിയ ക്യാപ്ടന്‍ സ്മൃതി മന്ഥനയുടേയും ബാറ്റിംഗാണ് ഇന്ത്യയുടെ ചേസിംഗ് അനായാസമാക്കിയത്. സ്മൃതിയും പ്രതികയും ഒന്നാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്മൃതിയെ പ്രന്‍ഡര്‍ ഗസ്റ്റിന്റെ കൈയില്‍ എത്തിച്ച് ഫ്രേയ സര്‍ജന്റാണ് കൂട്ട് കെട്ട് പൊളിച്ചത്. 6 ഫോറും 1 സിക്സും സ്മൃതി നേടി.
ഏകദിനത്തില്‍ വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന വനിതാസ താരമെന്ന റെക്കാഡ് സ്മ്യതി ഈ ഇന്നിംഗ്സിലൂടെ സ്വന്തമാക്കി. ഹര്‍ലീന്‍ ഡിയോള്‍ (20), ജെമീമ റോഡ്രിഗസ് (9) എന്നിവര്‍ മടങ്ങിയതിന് ശേഷം പ്രതികയും തേജലും 4-ാം വിക്കറ്റില്‍ 84 പന്തില്‍ 116 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ ജയമുറപ്പിച്ചു. പ്രതിക 10 ഫോറും 1 സിക്സും തേജല്‍ 9 ഫോറും നേടി. നേരത്തേ ഗാബി ലെവിസ് (92), ലിയ പോള്‍ (59) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറിയാണ് അയര്‍ലന്‍ഡിനെ 238ല്‍ എത്തിച്ചത്.ഇന്ത്യയ്ക്കായി പ്രിയ മിശ്ര 2 വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരി അയാലി സത്ഗരെ 1 വിക്കറ്റ് വീഴ്ത്തി.
4000- ഏകദിനത്തില്‍ വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായി സ്മൃതി മന്ഥന.4000 റണ്‍സ് ഏകദിനത്തില്‍തികയ്ക്കുന്ന 15-ാമത്തെ താരമാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മിതാലി രാജാണ് ഈ ചരിത്ര നേട്ടം കുറിച്ച ആദ്യ ഇന്ത്യന്‍ തരം.
117- റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗാബി ലെവിസും ലിയാ പോളും അഞ്ചാം വിക്കറ്റില്‍ ഉണ്ടാക്കിയത്. വനിതാ ഏകദിനത്തില്‍ അഞ്ചാം വിക്കറ്റില്‍ അയര്‍ലാന്‍ഡിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്.
1414-ഏകദിനത്തില്‍ അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി ഗാബി. 1414 റണ്‍സ് ഏകദിന കരിയറില്‍ തികച്ചു കഴിഞ്ഞു താരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |