മലപ്പുറം: തൃണമൂൽ കോൺഗ്രസിലൂടെ യു.ഡി.എഫ് പ്രവേശനം ലക്ഷ്യമിട്ട് പി.വി.അൻവർ എം.എൽ.എ. ദേശീയതലത്തിൽ ഇന്ത്യാ സഖ്യവുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഇതിന് സാദ്ധ്യമാവുമെന്ന പ്രതീക്ഷയിലാണ് അൻവർ. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനത്തിനുള്ള വഴിയൊരുക്കും. താൻ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരളയിലൂടെ (ഡി.എം.കെ) യു.ഡി.എഫ് പ്രവേശനം ഒട്ടും എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് ഒരിക്കൽ വഴിമുട്ടിയ തൃണമൂൽ ചർച്ച അൻവർ വീണ്ടും സജീവമാക്കിയത്.
അറസ്റ്റിന് പിന്നാലെ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ അടക്കം സ്വാധീനിച്ച് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി യു.ഡി.എഫിൽ കയറിപ്പറ്റാൻ അൻവർ ശ്രമിച്ചിരുന്നു. അൻവറിന്റെ കാര്യത്തിൽ കോൺഗ്രസെടുക്കുന്ന തീരുമാനത്തിനൊപ്പം ഉണ്ടാവുമെന്ന് പറഞ്ഞ് ലീഗ് കൈകഴുകി. കെ.പി.സി.സി നേതാക്കളെ കാണാനായി തിരുവനന്തപുരത്ത് എത്തിയ അൻവറിന് നേതാക്കൾ മുഖം നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കൊൽക്കത്തയിലേക്ക് പറന്നത്.
ടി.എം.സി സംസ്ഥാന കോ-ഓർഡിനേറ്ററായാണ് അൻവറിന്റെ നിയമനം. ഡി.എം.കെയെ ടി.എം.സിയിൽ ലയിപ്പിക്കും. സി.പി.എമ്മിന് കനത്ത അടിയേകാൻ മമത ബാനർജിയെ കേരളത്തിലെത്തിക്കാനും അൻവറിന് പദ്ധതിയുണ്ട്.
ഇടതു സ്വതന്ത്രനായി വിജയിച്ച താൻ മറ്റൊരു പാർട്ടിയുടെ മെമ്പർഷിപ്പ് എടുത്താൽ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരുമോ എന്ന ഭയം അൻവറിനുണ്ട്. ടി.എം.സിയിൽ ഇപ്പോൾ അംഗത്വമെടുക്കില്ല. . ഇന്ന് ടി.എം.സി എം.പിമാരുമായി ചർച്ചയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |