ന്യൂഡൽഹി: ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറി അനധികൃത കോളനികളിലും ചേരികളിലും താമസിക്കുന്ന പൂർവാഞ്ചൽ വിഭാഗക്കാരെ പ്രണിപ്പെടുത്താൻ ഡൽഹി ഭരിക്കുന്ന ആംആദ്‌മി പാർട്ടിയും പ്രതിപക്ഷമായ ബി.ജെ.പിയും. ഡൽഹിയിലെ 1.55 കോടി വോട്ടർമാരിൽ 42 ശതമാനവും പൂർവാഞ്ചലികളാണ്. ബി.ജെ.പി വോട്ടർപട്ടികയിൽ വ്യാജവോട്ടുകൾ കയറ്റുന്നുവെന്ന് മുൻമുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞത് പൂർവാഞ്ചലുകളെ ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് ബി.ജെ.പി. ഇതേ ചൊല്ലി കേജ്‌രിവാളിന്റെ വീടിന് പുറത്ത് ബി.ജെ.പി വനിതാ വിഭാഗം പ്രതിഷേധ പ്രകടനം നടത്തി. അനധികൃത കോളനികളിലും ചേരികളിലും പൗര-ആരോഗ്യ സൗകര്യങ്ങൾ ഒരുക്കി പൂർവാഞ്ചലികൾക്ക് മാന്യമായ ജീവിതം നൽകിയത് തങ്ങളാണെന്ന് കേജ്‌രിവാൾ അവകാശപ്പെട്ടു. അനധികൃത കോളനികളിൽ വികസന പ്രവർത്തനങ്ങൾ നടത്താത്ത കേന്ദ്രസർക്കാർ അവരുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി പ്രതിഷേധിക്കാനുള്ള പാർട്ടി മാത്രമാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ല-അദ്ദേഹം പറഞ്ഞു. അധികാരം നഷ്‌ടമാകുമെന്ന ഭയത്താൽ സമനില തെറ്റിയാണ് കേജ്‌രിവാൾ പൂർവാഞ്ചകാരെ വ്യാജവോട്ടർമാർ എന്നു വിളിച്ചതെന്ന് ഡൽഹി ബി.ജെ.പി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. അനധികൃത കോളനികളിലെ താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകുന്നതിനായി കേന്ദ്രസർക്കാർ ക്യാമ്പുകൾ നടത്തുമ്പോൾ, അവിടെ റോഡ്, വെള്ളം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ പോലും നൽകുന്നതിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി. ബുറാഡി, ലക്ഷ്മി നഗർ, ദ്വാരക തുടങ്ങിയവ അടക്കം മിക്ക മണ്ഡലങ്ങളിലും പൂർവാഞ്ചൽ വോട്ടുകൾ നിർണായകമാണ്. പൂർവാഞ്ചലികളുടെ ഛത്ത് ഉൽസവ ദിവസം ഡൽഹിയിൽ അവധി ദിവസമായി പ്രഖ്യാപിച്ച ആംആദ്‌മി സർക്കാർ പൂജ നടത്താൻ യമുനയിൽ ഘട്ടുകൾ നിർമ്മിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |