തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ (78) സമാധിയായെന്ന മക്കളുടെ വാദത്തിനെതിരെ നാട്ടുകാർ. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഗോപൻ മരിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസമാണ് പിതാവ് സമാധിയായെന്ന പോസ്റ്ററുകൾ മക്കൾ ക്ഷേത്രത്തിന് സമീപത്തുളള ഭിത്തിയിൽ പതിപ്പിച്ചത്. ഇതോടെയാണ് ഗോപന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
സംഭവത്തിൽ ഗോപന്റെ മകനായ രാജസേനൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. അച്ഛൻ സമാധിയാകാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് മകൻ പറയുന്നത്. 'അഞ്ച് വർഷങ്ങൾക്ക് മുൻപ് തന്നെ അച്ഛൻ പത്മപീഠക്കല്ലും മറ്റ് സാധനങ്ങളും ഓർഡർ ചെയ്ത് വരുത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് സമാധിയാകാനായി അച്ഛൻ പത്മപീഠകല്ലിൽ ഇരുന്നത്. പത്മാസനത്തിൽ ഇരുന്ന് അച്ഛൻ എന്നെ അനുഗ്രഹിച്ചു. തുടർന്ന് അച്ഛൻ പ്രാണായാമം ചെയ്ത് കുംഭത്തിൽ ലയിച്ചു. അത് ആരും കാണാൻ പാടില്ല. ഞാൻ ചെയ്തത് തെറ്റല്ല. എനിക്ക് പൂർണവിശ്വാസമുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയ്ക്കാണ് അച്ഛൻ സമാധിയായത്. അതിനുശേഷം ഞാനും ചേട്ടനുമാണ് ബാക്കി കർമങ്ങൾ നടത്തിയത്. ഇനിയാണ് അടുത്തുളള ക്ഷേത്രത്തിന്റെ വളർച്ച ഉണ്ടാകാൻ പോകുന്നത്'- രാജസേനൻ പറയുന്നു.
2016ലാണ് ഗോപൻ വീടിനോട് ചേർന്ന് ഒരു ക്ഷേത്രം നിർമിച്ചത്. ആദ്യ രണ്ടുവർഷങ്ങളിൽ ക്ഷേത്രത്തിൽ ചടങ്ങുകൾ കൃത്യമായി നടന്നിരുന്നു. എന്നാൽ അടുത്തിടെയായി ക്ഷേത്രത്തിലെ ചടങ്ങുകൾ രാത്രി സമയങ്ങളിലാണ് നടന്നിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്നും മരണകാരണത്തിൽ വ്യക്തത വരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |