ആലപ്പുഴ: പഴക്കച്ചവടത്തിന്റെയും മീൻവില്പനയുടെയും മറവിൽ വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നയാളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുല്ലാത്ത് വാർഡിൽ മുല്ലാത്ത് വളപ്പിൽ ഷിബു ഉസ്മാനാണ് (43) 8ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്.
തിരുവമ്പാടി, പുലയൻവഴി തുടങ്ങിയ സ്ഥലങ്ങളിൽ വഴിയരികിൽ മീൻ കച്ചവടത്തിന്റേയും മൂന്ന് വീൽവണ്ടിയിൽ പഴക്കച്ചവടത്തിന്റേയും മറവിലായിരുന്നു വില്പന. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് മുമ്പും ഇയാൾ നിരവധി തവണ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയും കൂടിയ അളവിൽ പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടുന്നത് ആദ്യമായാണ്. രണ്ട് കാറുകളിലും സ്കൂട്ടറിലുമായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്. ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിൽ സൗത്ത് സി. ഐ കെ.ശ്രീജിത്ത്, എസ്.ഐ വി.ഉദയകുമാർ,എസ്.സി.പി.ഓ മാരായ രാജേന്ദ്രൻ, ജയശങ്കർ, രഞ്ജിത്ത്, ഡാൻസാഫ് അംഗങ്ങളായ സേവ്യർ, ഗിരീഷ്, അനൂപ്, പ്രവീഷ്, രൺദീപ്, നന്ദു, അഗസ്റ്റിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |