കൊച്ചി: മലയാളിഹൃദയങ്ങളെ എന്നെന്നേക്കുമായി കീഴടക്കിയ ഭാവഗായകൻ പി. ജയചന്ദ്രന് വടക്കൻ പറവൂർ ചേന്ദമംഗലത്തെ ഗ്രാമഭൂവിൽ അന്ത്യവിശ്രമം. ഇന്നലെ വടക്കൻ പറവൂരിലെ പാലിയം നാലുകെട്ട് വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പൊലീസിന്റെ ഗാർഡ് ഒഫ് ഓണറിന് ശേഷം ഉച്ചയ്‌ക്ക് ഒരു മണിയോടെ മകൻ ദിനനാഥൻ ചിതയ്‌ക്ക് തീകൊളുത്തി. സഹോദരൻ കൃഷ്ണകുമാർ, സഹോദരിമാരുടെ മക്കളായ കാർത്തിക് ഉണ്ണി, രവി കൃഷ്ണകുമാർ, പ്രദീപ് പാലിയത്ത് എന്നിവർ അന്ത്യകർമ്മങ്ങളിൽ പങ്കാളികളായി. ഭാര്യ ലളിത, മകൾ ലക്ഷ്മി എന്നിവർ ചിതയ്‌ക്കരികിൽ നിറമിഴികളോടെ നിന്നു.
പാലിയംകാരുടെ ജയൻകുട്ടൻ എന്ന പി. ജയചന്ദ്രന്റെ ബാല്യകാലം തറവാട്ടിലായിരുന്നു. അത്രമേൽ പ്രിയപ്പെട്ട മണ്ണിലാണ് നിത്യഹരിതഗായകന്റെ അന്ത്യവിശ്രമം.
ആയിരങ്ങളാണ് അന്ത്യദർശനത്തിനായി തറവാട്ടിലേക്കെത്തിയത്. 'ഞങ്ങളുടെ ജയൻകുട്ടനെ ഒന്നു കണ്ടോട്ടെ' എന്ന് പലരും വിലപിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തിനാണ് ഇരിങ്ങാലക്കുടയിൽ നിന്ന് ഭൗതികദേഹം പാലിയം തറവാട്ടിൽ എത്തിച്ചത്. മന്ത്രി ആർ. ബിന്ദു സർക്കാരിനു വേണ്ടി അനുഗമിച്ചു.
ബന്ധുക്കൾമാത്രം പങ്കെടുത്ത അന്ത്യകർമ്മകൾക്കു ശേഷം നാട്ടുകാർക്കായി പൊതുദർശനം ഒരുക്കിയിരുന്നു. സംസ്കാരം വൈകിട്ട് നടത്താനായിരുന്നു തീരുമാനമെങ്കിലും നേരത്തെയാക്കുകയായിരുന്നു.
തൃശൂരിലേക്ക് താമസം മാറിയശേഷം വിശേഷദിവസങ്ങളിൽ മാത്രമാണ് പാലിയം തറവാട്ടിൽ വന്നിരുന്നത്. അപ്പോൾ പാട്ടുകളുടെ അരങ്ങായി തറവാട് മാറും. ഇന്നലെ അവസാനമായി എത്തിയപ്പോൾ രാമമന്ത്രങ്ങൾ മാത്രം മുഴങ്ങി.
മന്ത്രിമാരായ എം.ബി. രാജേഷ്, സജി ചെറിയാൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി, പ്രൊഫ. കെ.വി. തോമസ്, കെ.പി. ധനപാലൻ, പി. രാജു, ഡോ. കെ.എസ്. രാധാകൃഷ്‌ണൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സംഗീതസംവിധായകൻ ബിജിപാൽ, കവിയും സംവിധാനയകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, ഗാനരചയിതാക്കളായ ഐ.എസ്. കുണ്ടൂർ, ആർ.കെ. ദാമോദരൻ, ബി.കെ. ഹരിനാരായണൻ, ഗായകരായ വിജയ് യേശുദാസ്, ബിജു നാരായണൻ, സുധീപ്‌കുമാർ, മിൻമിനി, ലതിക, രവിശങ്കർ, കെസ്‌റ്റർ, ഒ.യു. ബഷീർ, സംവിധായകൻ സോഹൻ സീനുലാൽ, നടന്മാരായ ശ്രീകാന്ത് മുരളി, വിനോദ് കെടാമംഗലം, മനോജ് പറവൂർ എന്നിവരും എത്തിയിരുന്നു.
അനശ്വര ഗായകന്
തൃശൂരിന്റെ വിട
തൃശൂർ: ആയിരക്കണക്കിന് ഗാനങ്ങൾ സംഗീത ലോകത്തിന് സമർപ്പിച്ച് അനശ്വരനായ പി.ജയചന്ദ്രന് തൃശൂർ വിടചൊല്ലി. വ്യാഴാഴ്ച വൈകീട്ട് വിടപറഞ്ഞ ഭാവഗായകന് ആയിരങ്ങളാണ് അശ്രുപൂജ അർപ്പിച്ചത് . ഇന്നലെ രാവിലെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് പൊതുദർശനത്തിന് ശേഷം പുറത്തെടുത്ത ഭൗതികദേഹത്തിന് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. മന്ത്രി കെ.രാജൻ, കളക്ടർ അർജുൻ പാണ്ഡ്യൻ, മുൻ മന്ത്രിമാരായ കെ.പി.രാജേന്ദ്രൻ, വി.എസ്.സുനിൽ കുമാർ, കൗൺസിലർമാരായ കെ.എം.നിജി, പൂർണിമ സുരേഷ് എന്നിവർ സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് മാതൃവിദ്യാലയമായ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചു.
നൂറ് കണക്കിന് പേരാണ് വിദ്യാലയത്തിൽ തടിച്ചുകൂടിയത്. മന്ത്രി ആർ.ബിന്ദു, കെ.സി.വേണുഗോപാൽ എം.പി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. വിദ്യാർത്ഥികളും പൂർവ അദ്ധ്യാപകരുമടക്കം വൻജനാവലിയാണ് സ്കൂളിലേക്ക് ഒഴുകിയെത്തിയത്. ഇവിടെ വിദ്യാർത്ഥിയായിരിക്കെയാണ് മൃദംഗം, ചെണ്ട എന്നിവയെല്ലാം പഠിച്ചത്. സ്കൂൾതലത്തിൽ ലളിത സംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനം നേടി. 1958ലെ യുവജനോത്സവത്തിൽ ലളിത സംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |