പത്തനംതിട്ട : കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചിപ്പിച്ച് പൊലീസ്. നാലുപേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികൾ ഒരുതരത്തിലും രക്ഷപ്പെടാതിരിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചായിരിക്കും അറസ്റ്റുകൾ. ഓട്ടോ ഡ്രൈവർമാരും പ്ലസ് ടു വിദ്യാർത്ഥികളും ഉൾപ്പെടെ ഇരുപതുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും ഇക്കൂട്ടത്തിലുണ്ട്.
കാമുകനും സുഹൃത്തുകളുമുൾപ്പെട്ട വലിയൊരു ശൃംഖലയിലാണ് പെൺകുട്ടി അകപ്പെട്ടത്. പല സ്ഥലങ്ങളിൽ വച്ച് ഒരേസമയം ഒന്നിലേറെപ്പേർ പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. 13 വയസുള്ളപ്പോൾ ഒന്നാംപ്രതിയും കാമുകനുമായ സുബിൻ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത് വശത്താക്കി കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കി. തുടർന്ന് ബൈക്കിൽ കയറ്റി റബർ തോട്ടത്തിലെത്തിച്ച് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി.മറ്റൊരു ദിവസം പുലർച്ചെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി ഷെഡിൽ വച്ചും പീഡിപ്പിച്ചു.
ഇക്കാലത്ത് പെൺകുട്ടി ഉപയോഗിച്ചിരുന്നത് സ്വന്തം അച്ഛന്റെ ഫോണായിരുന്നു. അതിലേക്കാണ് പെൺകുട്ടിയുടേത് ഉൾപ്പെടെയുള്ള നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ മൊബൈൽ ഫോണിലായിരുന്നു പ്രതികൾ പെൺകുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇക്കാര്യമൊന്നും രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല.
തന്റെ ആവശ്യം കഴിഞ്ഞശേഷം സുബിൻ കൂട്ടുകാർക്ക് കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. നഗ്നദൃശ്യങ്ങൾ പകർത്തി അവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ ഉപയോഗിച്ചു.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘവും പീഡിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ പലരും കൂട്ടിക്കൊണ്ടുപോയിരുന്നത്. വൈകിട്ട് വീടിനു സമീപം കൊണ്ടുവിടും. സ്വകാര്യ ബസുകളിൽ വച്ചുപോലും പെൺകുട്ടി ഉപദ്രവത്തിനിരയായി. അഞ്ചുവർഷമാണ് ഇത്തരത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്.
നിലവിൽ പത്തനംതിട്ട, ഇലവും തിട്ട സ്റ്റേഷനുകളിലായി എട്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യും എന്നാണ് പൊലീസ് നൽകുന്ന സൂചന. ഫോണിൽ നിന്ന് തിരിച്ചറിഞ്ഞവരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |