SignIn
Kerala Kaumudi Online
Thursday, 27 March 2025 6.30 PM IST

വലക്കണ്ണികൾ മുറുക്കി രാസലഹരി

Increase Font Size Decrease Font Size Print Page
aaa

പൊലീസും എക്‌സൈസും പരിശോധനകൾ കടുപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വലക്കണ്ണികൾ മുറുക്കി എം.ഡി.എം.എ. എന്ന രാസലഹരിവസ്തു യുവത്വത്തെ കാർന്നു തിന്നുകയാണ്. ക്രിസ്മസും പുതുവർഷവും വേനലവധിക്കാലവുമെല്ലാം ലഹരിവ്യാപനത്തിന്റെ സമയമാണ്. കഴിഞ്ഞവർഷം തൃശൂർ സിറ്റി പൊലീസ് പരിധിയിൽ മാത്രം പിടിച്ചെടുത്തത് മൂന്നു കിലോഗ്രാമിലേറെ മാരക രാസലഹരിവസ്തുവായ എം.ഡി.എം.എയാണ്. മുൻവർഷങ്ങളേക്കാൾ കൂടുതലാണിത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മാത്രം സിറ്റി പൊലീസ് പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്തത് അര കി.ഗ്രാമിലേറെയാണ്. റൂറൽ പൊലീസിന്റേയും എക്‌സൈസിന്റേയും നേതൃത്വത്തിൽ പിടികൂടിയ കണക്ക് കൂടി ഉൾപ്പെടുത്തിയാൽ പതിന്മടങ്ങ് കൂടും. മറ്റു ജില്ലകളിലും ഇതേ സ്ഥിതിയാണ്. വിനോദസഞ്ചാര മേഖലകളിലും മലയോര തീരമേഖലകളിലും നഗരങ്ങളിലെ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ചുമാണ് മയക്കുമരുന്നുകളും രാസലഹരിവസ്തുക്കളും ഏറെയും വിൽക്കുന്നതെന്ന് പറയുന്നു. ചെക്ക് പോസ്റ്റുകളിലെ പരിശോധന ലഹരിക്കടത്തുകാർ എളുപ്പം മറികടക്കും. വളരെ കുറഞ്ഞ അളവിൽ കൊണ്ടുവരാമെന്നതിനാൽ പിടികൂടാനും പ്രയാസമാണ്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പനസംഘങ്ങളുടെ കണ്ണികളുമുണ്ട്. കഴിഞ്ഞദിവസം തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നതിന് വഴിയൊരുക്കിയതും ലഹരിവസ്തുക്കളായിരുന്നു. കഴിഞ്ഞദിവസം പാലിയേക്കരക്കടുത്തുള്ള ചിറ്റിശേരിയിലെ ചൂളയിൽ ലഹരിവസ്തുക്കൾ പൊലീസിന്റെ നേതൃത്വത്തിൽ സിറ്റി ഡ്രഗ്‌സ് ഡിസ്‌പോസൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കത്തിച്ചു നശിപ്പിച്ചു. കമ്മിഷണർ ആർ. ഇളങ്കോ, ക്രൈംബ്രാഞ്ച് എ.സി.പി. നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് കത്തിച്ചത്.

പറന്നെത്തുന്ന ലഹരി

അയൽജില്ലകളിൽ നിന്ന് പാഴ്‌സൽ വഴിയും മറ്റ് രാജ്യങ്ങളിൽ നിന്ന് വിമാനത്തിലും എം.ഡി.എം.എ എത്തുന്നുണ്ട്. ഈയിടെ വയനാട് തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ബസ് സർവീസിലെ പാർസൽ വഴി കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തിരുന്നു. ബസിന്റെ അടിഭാഗത്തെ കാബിനുള്ളിൽ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബംഗളൂരുവിൽ നിന്നാണ് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് എത്തിക്കുന്നത്. ഈയിടെ മലപ്പുറം വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടിയ എം.ഡി.എം.എ ചലച്ചിത്ര നടിമാർക്ക് നൽകാൻ കൊണ്ടുവന്നതെന്നായിരുന്നു പ്രതി മൊഴി നൽകിയത്. എം.ഡി.എം.എ കൈപ്പറ്റാൻ രണ്ടു നടിമാർ എറണാകുളത്തുനിന്ന് എത്തുമെന്നും പ്രതി വ്യക്തമാക്കിയിരുന്നു. ഒമാനിൽനിന്ന് പാൽപ്പൊടി പാക്കറ്റുകളിലാക്കിയാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയത്.

കഞ്ചാവും

ഹാഷിഷ് ഓയിലും
പുതുവർഷത്തിൽ തൃശൂരിൽ പിടിച്ചെടുത്ത കഞ്ചാവ് 83.27 കിലോഗ്രാമാണ്. ഹാഷിഷ് ഓയിൽ 4.975 കിലോഗ്രാമും. കഴിഞ്ഞവർഷം മാത്രം കഞ്ചാവ് 365.216 കി.ഗ്രാമാണ് സിറ്റി പരിധിയിൽ പിടിച്ചത്. ഹാഷിഷ് ഓയിൽ 2.147 കി.ഗ്രാമായിരുന്നു. വിദ്യാർത്ഥികൾ മുതൽ ബസ്, ഓട്ടോ ഡ്രൈവർമാർവരെ കഞ്ചാവും രാസലഹരിവസ്തുക്കളും ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതോടെ അവരെ പിടികൂടാൻ ഡ്രഗ്‌സ് ഡിറ്റക്ടിംഗ് കിറ്റും ആൽക്കോ സ്‌കാൻ വാനുമെല്ലാം പൊലീസ് സജ്ജമാക്കിയിരുന്നു. എന്നാൽ, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആൽക്കോ സ്‌കാൻ വാനിനെക്കുറിച്ച് ഇന്ന് പൊലീസിനും കൃത്യമായി അറിവില്ല.

ഡ്രൈവറുടെ ഉമിനീർ പരിശോധിച്ച് ലഹരി ഉപയോഗം കണ്ടെത്താൻ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ മാത്രമാണ് മുമ്പ് പിടികൂടാൻ കഴിഞ്ഞിരുന്നത്. വാനിലെ പരിശോധനയിലൂടെ മയക്കുമരുന്നും എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കളും കണ്ടെത്താനാകും. ഡ്രഗ്‌സ് ഡിറ്റക്ടിംഗ് കിറ്റ് ഉപയോഗിച്ചാണ് ഡ്രൈവർമാരെ കുടുക്കിയിരുന്നത്. ഇതിലൂടെ മൂത്രപരിശോധന നടത്തിയാണ് ലഹരി ഉപയോഗം കണ്ടെത്തുക. ആറ് ലഹരിവസ്തുക്കളുടെ ലേബൽ കിറ്റിലുണ്ടാകും. മൂത്രസാമ്പിളിലൂടെ ഏത് ലഹരിവസ്തുവാണ് ഉപയോഗിച്ചതെന്ന് കൃത്യമായി വ്യക്തമാകും. ഉപയോഗിച്ച ലഹരിവസ്തുവുള്ള ലേബൽ ഒഴികെ മറ്റ് ലേബലുകളിൽ മാർക്ക് തെളിയും.

ആധുനിക ഉപകരണങ്ങൾ

എന്നുവരും

നിയമലംഘകരായ ഡ്രൈവർമാരെ പിടികൂടുന്നതുവഴി അപകടങ്ങൾ ഒഴിവാക്കാനും മയക്കുമരുന്ന് കണ്ണികളിലേക്ക് അന്വേഷണം എത്തിക്കാനും കഴിയും. പക്ഷേ വിമാനത്താവളങ്ങളിലും മറ്റും രാസലഹരിവസ്തുക്കൾ കണ്ടെത്താനുളള ആധുനിക ഉപകരണങ്ങൾ ഇല്ലെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ ലഹരിയുടെ മൊത്തക്കച്ചവടക്കാരെയും മുഖ്യസൂത്രധാരൻമാരെയും കണ്ടെത്താൻ പൊലീസിനോ അന്വേഷണ ഏജൻസികൾക്കോ കഴിയുന്നില്ല. കണ്ടെയ്‌നറുകൾ വഴിയും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുകൾ രാജ്യത്ത് എത്തുന്നുണ്ട്. ഇതും തടയാൻ കഴിയുന്നില്ല. നിരപരാധികളായ ഡ്രൈവർമാരേയും സാധാരണക്കാരേയും പ്രതിക്കൂട്ടിൽ നിറുത്തുകയാണെന്ന പരാതിയും ശക്തമാകുന്നുണ്ട്.

അന്യസംസ്ഥാന

സൈബർതട്ടിപ്പുകാർ
അന്യസംസ്ഥാനതട്ടിപ്പുകാർ മുതൽ സൈബർ തട്ടിപ്പുകാർ വരെ മയക്കുമരുന്നിന്റെ വലയിലുണ്ട്. അവരിൽ പലരും ഒരേസമയം ഇരകളും കടത്തുകാരും ആസൂത്രകരുമെല്ലാമാണ്. ഓൺലൈനിലൂടെ ആളുകളെ കബളിപ്പിച്ച് വൻതുകകൾ തട്ടിയെടുക്കുന്ന സംഘങ്ങൾ മയക്കുമരുന്നിന്റേയും ഇടപാടുകാരാണ്. ഇവർക്കെല്ലാം ബംഗളൂരു, ഡൽഹി എന്നിങ്ങനെ ആഡംബര നഗരങ്ങളിലായി ആഡംബര വീടുകളും സ്ഥലങ്ങളും സമ്പാദ്യമായുണ്ട്. ഏക്കറുകളോളം കൽക്കരി ഖനികൾ പോലുമുളളവരുണ്ട്. ചെറുപ്പത്തിലേ കോടീശ്വരനായി മാറുന്ന ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് വിശദമായ അന്വേഷണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ലഹരിസംഘങ്ങളുമായി ഇവർക്കുളള ബന്ധം അന്വേഷണവിധേയമാക്കണമെന്നും പറയുന്നു. സൈബർ കുറ്റകൃത്യങ്ങളിലേറെയും ജാർഖണ്ഡ് കേന്ദ്രീകരിച്ചാണ്. പ്ലസ്ടു വരെ പഠിച്ചിട്ടുള്ളവരാണെങ്കിലും ബി.ടെക് തുടങ്ങിയ ടെക്‌നിക്കൽ കോഴ്‌സുകൾ കഴിഞ്ഞവരാണ് ഇത്തരം സൂത്രധാരന്മാർ. തട്ടിപ്പിനാവശ്യമായ സാങ്കേതിക കാര്യങ്ങൾക്ക് പരിശീലനം കൊടുക്കുന്നത് ഇവരാണ്. അതിന് കമ്മിഷൻ പറ്റും. തട്ടിപ്പ് നടത്തുന്നവർ അറിയപ്പെടുന്ന പേരാണ് സൈബർവാലാകൾ. ആഡംബര സൗകര്യങ്ങളിൽ ജീവിക്കുന്ന ഇവരെ ഗ്രാമവാസികൾക്ക് വ്യക്തമായി അറിയാമെങ്കിലും ഭയംമൂലം പുറത്ത് പറയാറില്ല. കഞ്ചാവും മയക്കുമരുന്നും അടക്കം ഉപയോഗിക്കുകയും കടത്തുകയും ചെയ്യുന്ന സംഘങ്ങൾ ജാർഖണ്ഡ് ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലും കൂടിവരുന്നുണ്ട്. കേരളത്തിലെത്തുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം കൂടിവരികയാണ്. അതേസമയം, അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പാൻമസാല മുതൽ മയക്കുമരുന്നുകൾ വരെ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയതായാണ് പൊലീസ് പറയുന്നത്. എന്തായാലും മറുനാട്ടുകാരും തദ്ദേശീയരും ചേർന്ന് മുറുക്കുന്ന ലഹരിവലകൾ അത്ര ചെറുതല്ല.

TAGS: DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.