മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ അകന്ന ബന്ധുക്കളും അയൽവാസിയുമടക്കം എട്ട് പേർക്കെതിരെയാണ് പരാതി. 36കാരിയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികൾ യുവതിയിൽ നിന്ന് 15 പവൻ സ്വർണവും കവർന്നിട്ടുണ്ട്. മുഖ്യപ്രതി യുവതിയെ പലർക്കായി നൽകിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പ്രതികൾ ബലാത്സംഗത്തിനിരയാക്കിയിരിക്കുന്നത്. എതിർക്കാൻ കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാമെന്നും യുവതിയുടെ കുടുംബം പറയുന്നു. സംഭവത്തിനുപിന്നിൽ കൂടുതൽ ആളുകൾ ഉളളതായി സംശയമുണ്ടെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി.
അതേസമയം, പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ 20 പേർ അറസ്റ്റിലായി. കേസിൽ നേരത്തെ 14 പേർ അറസ്റ്റിലായിരുന്നു. ഇന്ന് റാന്നിയിൽ നിന്നുള്ള ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. ഒരാഴ്ച മുമ്പ് വിവാഹം നിശ്ചയിച്ചയാളും പ്ലസ് ടു വിദ്യാർത്ഥിയും ഇന്ന് അറസ്റ്റിലായവരിൽ പെടുന്നു. സംഭവത്തിൽ വിവിധ സ്റ്റേഷനുകളിലായി ഏഴ് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |