മൂവാറ്റുപുഴ: പെരിയാർവാലി ജലസേചന പദ്ധതിയുടെ വാളകം ബ്രാഞ്ച് കനാലിന്റെ ഭാഗമായുള്ള വീട്ടൂർ അക്വഡേറ്റ് റോഡിലേക്ക് കവിഞ്ഞൊഴുകുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. റോഡ് നിരപ്പിൽ നിന്ന് 25 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന അക്വഡേറ്റിൽ നിന്നാണ് വെള്ളം കുത്തി ചാടുന്നത്. കുന്നത്ത്നാട് - മൂവാറ്റുപുഴ താലൂക്കുകളുടെ അതിർത്തി പ്രദേശമാണിത്. വിദ്യാർഥികൾ അടക്കം നിരവധി പേർ യാത്ര ചെയ്യുന്ന കനാൽ ബണ്ട് റോഡിലേക്കാണ് ജലം പതിക്കുന്നത്. പേഴക്കാപ്പിള്ളി, തൃക്കളത്തൂർ, കാവുംപടി, പള്ളിപ്പടി പ്രദേശങ്ങളിലുള്ള കുട്ടികൾ വീട്ടൂർ ഭാഗത്തുള്ള സ്കൂളുകളിലേക്ക് പോകുന്നത് ഇതു വഴിയാണ്. അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അക്വഡേറ്റിന് കാലപ്പഴക്കവും ഉണ്ട്. ഇത്തരത്തിൽ വെള്ളം ചോർന്നാൽ അക്വഡേറ്റ് തകരാനുള്ള സാദ്ധ്യതയും ഏറെയാണ്. മുൻ വർഷങ്ങളിൽ ചെറിയ ചോർച്ചയാണ് ഉണ്ടായിരുന്നത്. ഇക്കുറി ചോർച്ചക്ക് പുറമെയാണ് അക്വഡേറ്റ് കവിഞ്ഞ് ഒഴുകുന്നത്. കാര്യമായ അറ്റകുറ്റപ്പണികളോ ശുചീകരണമോ നടത്താതെ വെള്ളം ഒഴുക്കിയതാണ് അക്വഡേറ്റ് കവിഞ്ഞൊഴുകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ചപ്പ് ചവറുകൾ അടിഞ്ഞ് കൂടിയിട്ടുണ്ടാകുമെന്നും സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |