ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് സാനിയ അയ്യപ്പൻ. 'ബാല്യകാല സഖി' എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി 'ക്വീൻ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മോഡലിംഗ് രംഗത്തും താരം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫറിലും സാനിയ ശ്രദ്ധേയമായ വേഷമാണ് ചെയ്തിരുന്നത്.
താരം സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്. യാത്രകളെ ഒരുപാട് ഇഷ്‌ടപ്പെടുന്ന സാനിയ അതേക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ധാരാളമായി പങ്കുവയ്‌ക്കാറുണ്ട്. 2023ൽ ലണ്ടനിൽ പഠിക്കാൻ പോയ സാനിയ ആറുമാസത്തിൽ തിരിച്ചുവന്നിരുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോർ ദ ക്രിയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ മൂന്നുവർഷത്തെ ആക്ടിംഗ് ആൻഡ് പെർഫോമൻസ് എന്ന ബിരുദ പഠനത്തിനായിരുന്നു സാനിയ ചേർന്നത്. ഇപ്പോഴിതാ അത് ഉപേക്ഷിച്ച് തിരിച്ച് ഇന്ത്യയിൽ എത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് നടി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാനിയ ഇക്കാര്യം തുറന്നുപറഞ്ഞത്.
'തന്റെ സ്വന്തം താൽപര്യപ്രകാരമാണ് വിദേശത്ത് പഠിക്കാൻ പോയത്. ആറുമാസം കഴിഞ്ഞ് തിരിച്ചുവന്നു. അവിടെ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പല കുട്ടികളും ആവേശത്തോടെയാണ് പുറത്ത് പഠിക്കാൻ പോകുന്നത്. പക്ഷെ പിന്നീട് തിരിച്ചുവരാൻ അവസരം ഇല്ല. എനിക്ക് അങ്ങനെയൊരു മാർഗം ഉള്ളതിനാൽ തിരിച്ചുവന്നു. അല്ലെങ്കിൽ അവിടെ പെടുമായിരുന്നു.
ലോണെടുത്ത് വിദേശത്ത് പോകുന്ന കുട്ടികൾ അവിടെ ആസ്വദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പാർട്ട്ടെെം ജോബ് അല്ലെങ്കിൽ അസെെമെന്റുകൾ. എന്റെ ക്ലാസിൽ എല്ലാം ബ്രിട്ടീഷ് ടീനേജേർസ് ആയിരുന്നു. അവർ വല്ലാതെ വംശീയതയുള്ളവരായിരുന്നു. അവരെ എത്ര പറഞ്ഞിട്ടും കാര്യമില്ല. ആദ്യത്തെ രണ്ടുമാസം ഞാൻ അമ്മയെ വിളിച്ച് കരഞ്ഞു. പിന്നീട് നാട്ടിൽ നല്ല ജീവിതമുണ്ടല്ലോ, പിന്നെ എന്തിന് ഇവിടെ കഷ്ടപ്പെടണം എന്ന ചിന്ത വന്നു',- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |