പൃഥ്വിരാജിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കാൻ ഒരുങ്ങുന്നു. മാവേലിക്കര ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമ്മാണം. ഗുരുവായൂരമ്പലനടയിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് - വിപിൻദാസ് കോംബോ വീണ്ടും ഒരുങ്ങുന്ന ചിത്രം കൂടിയാണ്.
ഇടവേളയ്ക്കുശേഷം ഹിറ്റ് കൂട്ടുകെട്ടായ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2022 ൽ പുറത്തിറങ്ങിയ ഗോൾഡ് ആണ് ഇൗ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഡ്രൈവിംഗ് ലൈസൻസ്, ജനഗണമന, കടുവ എന്നീ ബ്ളോക് ബസ്റ്റർ ചിത്രങ്ങളാണ് ഇൗ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മികച്ച വിജയം നേടിയവ.
വിലായത്ത് ബുദ്ധപൂർത്തിയാക്കുന്ന പൃഥ്വിരാജ് സന്തോഷ് ട്രോഫിയിൽ ജോയിൻ ചെയ്യാനാണ് ഒരുങ്ങുന്നത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ പാലക്കാട് പുരോഗമിക്കുന്നു.
ഇടുക്കിയിലും മറയൂരിലും വിലായത്ത് ബുദ്ധയുടെ ചിത്രീകരണമുണ്ട്. ഇൗമാസം അവസാനം ചിത്രീകരണം പൂർത്തിയാകും. റോഷാക്കിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി ആണ് ചിത്രീകരണം ആരംഭിക്കാൻ പോകുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രം. വിലായത്ത് ബുദ്ധയ്ക്കുശേഷം നോബഡി ആരംഭിക്കാനും ആലോചനയുണ്ട്. ഇ ഫോർ എന്റർടെയ്ൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മാണം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു. ഇബിലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സമീർ അബ്ദുൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |