പരിയാരം: ജോലി സ്ഥലത്തേക്കു പോയ സൈനികനെ അപകടപ്പെടുത്താനുള്ള ശ്രമത്തിൽ നിന്നും കർണ്ണാടക പൊലീസ് രക്ഷപ്പെടുത്തി. ആലക്കാട് ഫാറൂഖ് നഗറിലെ ചെറുകുന്നോന്റകത്ത് സി. മുഹമ്മദ് മുസമ്മിലിനെയാണ് (32) ഇക്കഴിഞ്ഞ ജനുവരി 7 മുതൽ കാണാതാവുകയായിരുന്നു. സഹോദരൻ സി. അബ്ദുൾറാസിക്ക് പരിയാരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു.
7ന് രാത്രി 8.05ന് ഹൈദരാബാദിലെ ക്യാമ്പിലേക്ക് പോകുന്നതിനായി പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ സഹോദരൻ കൊണ്ടുവിട്ടിരുന്നു. അവിടെനിന്ന് പുതിയ ജോലിസ്ഥലമായ ഗോൽക്കോണ്ടയിലേക്ക് പോയെങ്കിലും അവിടെ എത്തിയില്ലെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകിയത്. ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. ബംഗളൂരുവിലെ മടിവാളയിൽ ബസിറങ്ങി സ്വകാര്യ ബൈക്ക് ടാക്സിയിൽ പോയ മുസമ്മിലിനെ കൊള്ളയടിക്കാനായി തടഞ്ഞുവയ്ക്കുകയായിരുന്നു. സംഭവത്തിൽ കർണ്ണാടക പൊലീസ് ഒരാളെ പിടികൂടിയിട്ടുണ്ട്. മുസമ്മിൽ ഇന്നലെ മിലിട്ടറി ക്യാമ്പിൽ ചുമതലയേറ്റു.
മുസമ്മിലിന്റെ വിവരം ലഭിക്കാത്തതിനെ തുടർന്ന് മുസ്ലിംലീഗ് കല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് എസ്.കെ.പി. സക്കരിയ്യ കർണ്ണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, കെ. സുധാകരൻ എം.പി. ബംഗളൂരു കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ മടിവാളയിൽ ബസിറങ്ങിയ മുസമ്മിൽ ഒരു സ്വകാര്യ ബൈക്ക് ടാക്സിക്കാരന്റെ പിറകിൽ കയറി പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് മുസമ്മിലിനെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |