കൊച്ചി: മുൻകൂർ നികുതി അടവും ഉത്സവ കാലത്തെ അധിക ഉപഭോഗവും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ ബാങ്കുകളുടെ പണലഭ്യതയെ ബാധിക്കുന്നു. വിപണിയിലെ വായ്പാ ആവശ്യം കൂടുന്നതിന് അനുസരിച്ച് കൈവശം പണമില്ലാത്ത അവസ്ഥയിലാണ് ബാങ്കിംഗ് മേഖല. ഡിസംബറിലെ ധന അവലോകന യോഗത്തിൽ ബാങ്കുകളുടെ കരുതൽ ധന അനുപാതത്തിൽ റിസർവ് ബാങ്ക് അര ശതമാനം കുറവ് വരുത്തിയിരുന്നു. ഇതിനുശേഷം വിപണിയിൽ അധികമായി 1.6 ലക്ഷം കോടി രൂപ ലഭ്യമായെങ്കിലും ബാങ്കുകൾക്ക് വായ്പാ വിതരണത്തിന് ആവശ്യത്തിന് പണമില്ലാത്ത സാഹചര്യമാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. വർഷാവസാനത്തിൽ റിസർവ് ബാങ്ക് 2.05 ലക്ഷം കോടി രൂപയാണ് അധികമായി ബാങ്കുകൾക്ക് ലഭ്യമാക്കിയത്.
രൂപയുടെ മൂല്യയിടിവ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾ വഴി വിപണിയിൽ ഡോളർ വിറ്റഴിക്കുന്നതാണ് പണ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ച നേരിടാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നതിനാൽ ബാങ്കുകളുടെ പണലഭ്യത കുത്തനെ കുറയുകയാണെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |