കൊച്ചി: ഭക്ഷ്യ എണ്ണകളുടെ വിലയിലെ കുതിച്ചു ചാട്ടം ഇന്ത്യൻ അടുക്കളകൾക്കും വ്യവസായ മേഖലയ്ക്കും കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നു. വെളിച്ചെണ്ണയും പാമോയിലും സോയാബീൻ എണ്ണയും അടക്കമുള്ളവയുടെ വില അഞ്ച് മാസമായി തുടർച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. ഇതോടെ സംസ്ഥാനത്തെ കുടുംബങ്ങളുടെ ജീവിത ചെലവ് ഗണ്യമായി വർദ്ധിപ്പിച്ച് വെളിച്ചെണ്ണ വിലയും കഴിഞ്ഞ മാസങ്ങളിൽ കുതിച്ചുയർന്നു. ഇതോടൊപ്പം തേങ്ങയുടെ ലഭ്യതയും കുത്തനെ കുറഞ്ഞു. ഉത്പാദനത്തിലെ ഇടിവും മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലകളിലെ വർദ്ധനയുമാണ് നാളീകേര വിപണിക്ക് ചൂടുവർദ്ധിപ്പിക്കുന്നത്. വെളിച്ചെണ്ണ വില നിലവിൽ കൊച്ചിയിൽ കിലോയ്ക്ക് 228 രൂപയിലെത്തി. കൊപ്ര വില ക്വിന്റലിന് 14,900 രൂപയിലാണ്. ഇക്കഴിഞ്ഞ മാസങ്ങളിൽ വെളിച്ചെണ്ണ വില കിലോയ്ക്ക് 25 രൂപയിലധികമാണ് കൂടിയത്. സോപ്പ്, ഡിറ്റർജന്റ് തുടങ്ങിയവയുടെ നിർമ്മാണത്തിലെ പ്രധാന അസംസ്കൃത ഉത്പന്നമായ കൊപ്രയുടെ വില വർദ്ധന കമ്പനികളുടെ എഫ്.എം.സി.ജി കമ്പനികളുടെ ലാഭത്തിലും കനത്ത ഇടിവുണ്ടാക്കുന്നു.
ഇറക്കുമതി തീരുവ വർദ്ധന വിനയായി
അസംസ്കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ പെപ്തംബറിൽ കേന്ദ്ര സർക്കാർ 32.5 ശതമാനമായി ഉയർത്തിയതാണ് പ്രധാനമായും വിലക്കയറ്റം രൂക്ഷമാക്കിയത്. കർഷകർക്ക് ആശ്വാസം പകരാനാണ് തീരുമാനമെങ്കിലും രാജ്യത്തെ ഭക്ഷ്യ ഉത്പന്ന വിപണിയിൽ കടുത്ത സമ്മർദ്ദമാണ് ഇതോടെയുണ്ടായത്. അസംസ്‌കൃത പാമോയിൽ, സോയാബീൻ, സൺഫ്ളവർ ഓയിൽ എന്നിവയുടെ തീരുവ കൂടിയതോടെ ഉപഭോക്താക്കൾ വെളിച്ചെണ്ണയിലേക്ക് മാറിയതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |