കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ചയും രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വിലക്കുതിപ്പും ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തലമായ 85.97 വരെ താഴ്ന്നിരുന്നു. ഇതിനിടെ റഷ്യക്കെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെ ക്രൂഡോയിൽ വില നാല് മാസത്തിനിടെ ആദ്യമായി ബാരലിന് 80 ഡോളർ കവിഞ്ഞു. ഇതോടെ ഇന്ത്യയുടെ ധന, സാമ്പത്തിക, വ്യവസായ മേഖലകൾ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. രൂപയുടെ മൂല്യത്തകർച്ചയും എണ്ണവില വർദ്ധനയും ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കും. ഇറക്കുമതി ചെലവ് കൂടുമെന്നതിനാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില വരും ദിവസങ്ങളിൽ കൂടുമെന്നാണ് വിലയിരുത്തുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് മുന്നിൽ കാര്യമായ വഴികളില്ല. ബാഹ്യമായ കാരണങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നതിനാൽ പലിശ വർദ്ധന ഉൾപ്പെടെയുള്ള ധന നിയന്ത്രണ നടപടികൾ കാര്യമായ ഫലം ചെയ്യില്ലെന്ന് വിലയിരുത്തുന്നു. രാജ്യം സാമ്പത്തിക തളർച്ചയിലൂടെ നീങ്ങുന്നതിനാൽ ഉപഭോഗം നിയന്ത്രിക്കുവാനുള്ള ഏതൊരു തീരുമാനവും കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
വെല്ലുവിളികൾ ശക്തം
1. റഷ്യയ്ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിക്കുന്നതാണ് ഇന്ധന വിപണിയിൽ സമ്മർദ്ദം ശക്തമാക്കുന്നത്. ഇതോടൊപ്പം പശ്ചിമേഷ്യൻ സംഘർഷത്തിൽ ഡൊണാൾഡ് ട്രംപ് ഇടപെടുമെന്ന വാർത്തകളും എണ്ണ വിപണിയെ ചൂടുപിടിപ്പിക്കുന്നു.
2. ട്രംപ് ഭരണ കാലം തുടങ്ങുന്നതിന് മുന്നോടിയായി യു.എസ് ബോണ്ടുകളുടെ മൂല്യവർദ്ധന രൂപയ്ക്ക് കനത്ത തിരിച്ചടി സൃഷ്‌ടിക്കുന്നു. ഇപ്പോഴത്തെ ട്രെൻഡുകളനുസരിച്ച് താമസിയാതെ ഡോളറിനെതിരെ രൂപയുടെ മൂല്യം 90 കടന്ന് താഴേക്ക് നീങ്ങിയേക്കും
3. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും നിക്ഷേപകർക്ക് ആശങ്കയാണ്. ആഭ്യന്തര നിക്ഷേപകരുടെ ആവേശവും ചോരുകയാണ്
4. വിപണിയിലെ ഉപഭോഗ തളർച്ചയും ഉത്പാദന ചെലവിലെ വർദ്ധനയും കോർപ്പറേറ്റ് മേഖലയിൽ സമ്മർദ്ദം ശക്തമാക്കുന്നു. അമേരിക്ക, യൂറോപ്പ് എന്നീ വിപണികളിലെ മാന്ദ്യ സാഹചര്യങ്ങൾ കയറ്റുമതി സാദ്ധ്യതകളെയും പ്രതികൂലമായി ബാധിക്കും
ക്രൂഡോയിൽ വില ബാരലിന് 80 ഡോളർ കടന്ന് മുന്നോട്ട്
ഡോളറിനെതിരെ രൂപ 86ന് തൊട്ടടുത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |