ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നഷ്‌ടപ്രതാപം വീണ്ടെടുക്കാനുള്ള ഊർജിത ശ്രമത്തിലാണ് കോൺഗ്രസ് ഡൽഹി ഘടകം. രാഹുൽ ഗാന്ധി ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. സീലംപൂരിൽ 'ജയ് ഭീം, ജയ് സംവിധാൻ' പൊതുയോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും.
വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ ലഭിക്കാത്ത ഡൽഹിയിലെ യുവജനങ്ങൾക്ക് പാർട്ടി അധികാരത്തിലെത്തിയാൽ 'യുവ ഉഡാൻ യോജന' എന്ന പേരിൽ മാസം 8500 രൂപ നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു. ഡൽഹിയിൽ ഇപ്പോഴുമുള്ളത് കോൺഗ്രസ് കൊണ്ടുവന്ന വികസനമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കുറ്റപ്പെടുത്തലുകൾ മാത്രമാണ് കാണുന്നതെന്നും ഡൽഹി അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു.
ആംആദ്മി പാർട്ടിയുമായി നേരിട്ട് ഏറ്റുമുട്ടുകയാണ് കോൺഗ്രസ് ഡൽഹിയിൽ. 2015ലും 2020ലും ഒരു സീറ്റ് നേടാൻ പോലും സാധിക്കാതിരുന്ന കോൺഗ്രസ് ഇക്കുറി മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. അതേസമയം, 'ഇന്ത്യ' സഖ്യത്തിലെ തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആംആദ്മി പാർട്ടിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്.
ആംആദ്മി ഭൂരിപക്ഷം
നേടുമെന്ന് പ്രവചനം
ഡൽഹിയിൽ നേരിയ ഭൂരിപക്ഷത്തോടെ ആംആദ്മി പാർട്ടി ഭരണം നിലനിറുത്തുമെന്ന് രാജസ്ഥാനിലെ വാതുവയ്പ്പുകാരുടെ കേന്ദ്രമായ ഫലോഡി സത്താ ബസാർ പ്രവചിച്ചു. ആകെയുള്ള 70 സീറ്റുകളിൽ 62 എണ്ണത്തിൽ 2020ൽ ആംആദ്മി വിജയിച്ചിരുന്നു. എന്നാൽ, ഇത്തവണ 37 മുതൽ 39വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പി 25 മുതൽ 35 സീറ്റുകൾ പിടിച്ചേക്കാം. 2020ൽ എട്ടു സീറ്റുകളായിരുന്നു. കോൺഗ്രസ് മൂന്ന് സീറ്റുകളിൽ വരെ വിജയിച്ചേക്കാം. മഹാരാഷ്ട്രയിൽ മഹായുതി സഖ്യം ഭരണം നിലനിറുത്തുമെന്ന് ഫലോഡി സത്താ ബസാർ നേരത്തെ പ്രവചിച്ചിരുന്നു.
ക്രൗഡ് ഫണ്ടിംഗ്
ക്യാമ്പയിനുമായി
അതിഷി
ന്യൂഡൽഹി: കൽക്കാജി നിയമസഭ മണ്ഡലത്തിൽ മത്സരിക്കുന്ന ഡൽഹി മുഖ്യമന്ത്രി അതിഷി, പ്രചാരണത്തിനുള്ള പണത്തിനായി ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിൻ തുടങ്ങി. തിരഞ്ഞെടുപ്പ് പോരാട്ടത്തിന് 40 ലക്ഷം രൂപയുടെ ആവശ്യമുണ്ടെന്നും, ജനങ്ങൾ സംഭാവന നൽകി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിഷി പറഞ്ഞു. ക്രൗഡ് ഫണ്ടിംഗിനായി ഹമാരി അതിഷി എന്നു പേരിട്ട ഓൺലൈൻ ലിങ്കും പുറത്തുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |