മുംബയ്: ഉദ്ധവ് താക്കറെ തങ്ങളുടെ ശത്രുവല്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം ചർച്ചയാകുന്നു. മാറ്റാൻ പറ്റാത്തതായി രാഷ്ട്രീയത്തിൽ ഒന്നുമില്ല. ഉദ്ധവ് നേരത്തേ ഞങ്ങളുടെ സുഹൃത്തായിരുന്നു. പിന്നീട് രാജ് താക്കറെ സുഹൃത്തായി. അദ്ദേഹം സുഹൃത്തായി എന്നതുകൊണ്ട് ഉദ്ധവ് ശത്രുവാണ് എന്ന് അർത്ഥമില്ല'- എന്നായിരുന്നു ഫഡ്നാവിസിന്റെ പരാമർശം.
കഴിഞ്ഞ ദിവസം ആർ.എസ്.എസിനെ പ്രശംസിച്ചുകൊണ്ട് ശരദ് പവാറും രംഗത്തെത്തിയിരുന്നു. ആദർശത്തോടുള്ള ആർ.എസ്.എസ് പ്രവർത്തകരുടെ പ്രതിബദ്ധതയും പ്രവർത്തനങ്ങളിലെ ആത്മാർത്ഥയ്ക്കും എൻ.സി.പി പ്രവർത്തകർ കണ്ടുപഠിക്കണമെന്നും കേഡർ സംവിധാനം എൻ.സി.പിയിലും ശക്തമാക്കണമെന്നുമാണ് പവാർ പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തെ തുടർന്നു പ്രതിപക്ഷം അമിത ആത്മവിശ്വാസം പുലർത്തിയപ്പോൾ ബി.ജെ.പിയും ആർ.എസ്.എസും പ്രശ്നങ്ങൾ പരിഹരിച്ച് മന്നേറാനാണു ശ്രമിച്ചത്- പവാർ കൂട്ടിച്ചേർത്തു. അതേസമയം വ്യാജവാർത്തകളിലൂടെ ഭരണം നേടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം ഭരണപക്ഷം തകർത്തെന്നും അതു തിരിച്ചറിഞ്ഞാണ് ശരദ് പവാർ പ്രശംസിച്ചതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |