പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയവരിൽ മിക്കവരും പത്തനംതിട്ട ബസ് സ്റ്റാൻഡിൽ കേന്ദ്രീകരിച്ചിരുന്നവരാണ്. ഇവിടെ നിന്നാണ് പെൺകുട്ടിയെ പലയിടത്തേക്കും കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. സ്റ്റാൻഡിലെ കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു സാമൂഹ്യ വിരുദ്ധരും ലഹരി സംഘങ്ങളും തമ്പടിച്ചിരുന്നത്. ഇവരെ ഇവിടെ നിന്ന് പറഞ്ഞു വിടാൻ ശ്രമിച്ച വ്യാപാരികളെയടക്കം സദാചാര പൊലീസ് കളിക്കാൻ വരേണ്ടന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടികളടക്കം ഇവിടെ തമ്പടിച്ചപ്പോൾ വ്യാപാരികൾ പൊലീസിനെ അറിയിച്ചു. പിങ്ക് പൊലീസിനെ ഏതാനും ദിവസങ്ങളിൽ ഡ്യൂട്ടിക്കിട്ടു. അനാശാസ്യ പ്രവർത്തനത്തെയും സംഘം ചേരലിനെയും ചോദ്യം ചെയ്ത പിങ്ക് പൊലീസിനെ അസഭ്യം പറഞ്ഞ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് മുകൾ നിലയിലേക്ക് പ്രവേശനം ഗ്രില്ലിട്ട് പൂട്ടി തടഞ്ഞെങ്കിലും യുവാക്കളും വിദ്യാർത്ഥികളും പെൺകുട്ടികളുമൊത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് തന്നെ താവളമടിക്കുകയാണ്. സമീപത്തെ പെട്രോൾ പമ്പിനും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുമിടയിലെ വഴിയിലൂടെ കുറ്റിക്കാടുകളിലേക്ക് കയറിയാണ് അനാശാസ്യ പ്രവർത്തനവും ലഹരി വസ്തുക്കളുടെ കൈമാറ്റവും നടത്തുന്നത്.
അബാൻ മേൽപ്പാലത്തിന്റെ പണികൾ നടക്കുന്ന തൂണുകൾ മറയാക്കി രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ട്. ചുട്ടിപ്പാറയിലേക്കുള്ള വഴിയിലും യുവാക്കളെയും പെൺകുട്ടികളെയും മിക്ക സമയങ്ങളിലും കാണാം. പുലർച്ചെ ആറ് മണിയടുത്ത സമയത്താണ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി കൈമാറ്റം നടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ലഹരി, മയക്കു മരുന്ന് ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കുന്നു. വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് വില കൊടുത്തു വാങ്ങാനും ഇടനിലക്കാരായും നിൽക്കുന്നത്. നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത സ്ഥലങ്ങളിലാണ് സംഘങ്ങൾ തമ്പടിക്കുന്നത്. പകലും രാത്രിയിലും ഇവിടെ നിരീക്ഷണമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി സ്റ്റാൻഡും പരിസരവും മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |