പാലക്കാട്: വാളയാർ, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദപുരം ചെക്‌പോസ്റ്റുകളിൽ ശനിയാഴ്ച നടന്ന വിജിലൻസ് പരിശോധനകളിൽ 13 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു. എം.വി.ഐ.ശരത് സേനൻ, എ.എം.വി.ഐ.അൻഷാദ് ഒ.ഐ, എ.എം.വി.ഐ.പ്രവീൺ കുമാർ, എ.എം.വി.ഐ ടി.ആർ.മനു, ഒ.എ.അഖിൽ, എ.എം.വി.ഐ.പരീദ്, ഒ.എ.മിനി, എ.എം.വി.ഐ.സജീവ്, ഒ.എ.നിഷ ദേവി, എ.എം.വി.ഐ മണികണ്ഠൻ, ഒ.എ.നിഥിൻ, എ.എം.വി.ഐ.സുധീഷ്, ഒ.എ.മിഥുൻ വിശ്വനാഥൻ എന്നിവർക്കെതിരെയാണ് നടപടി. വെള്ളിയാഴ്ച്ച രാത്രി 11 മുതൽ ശനിയാഴ്ച പുലർച്ചെ മൂന്ന് വരെ നടത്തിയ മിന്നൽ പരിശോധനയിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് അമിത ഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങൾ, കരിങ്കൽ ഉത്പന്നങ്ങൾ, കന്നുകാലികൾ കയറ്റി വരുന്ന വാഹനങ്ങൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എന്നിവയിൽ നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയത്. കൈക്കൂലിയായി ഡ്രൈവർമാർ നൽകിയ 1,49,490 രൂപ വിജിലൻസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
വാളയാറിൽ ഉദ്യോഗസ്ഥർ ചെക്‌പോസ്റ്റിനകത്തു കയറി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം നിന്ന ശേഷമാണ് പരിശോധന നടത്തിയത്. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ ലോറി ജീവനക്കാർക്കൊപ്പം നിന്ന് ഒരു മണിക്കൂറിലേറെ നിരീക്ഷിച്ചാണ് ചെക്ക്‌പോസ്റ്റുകളിൽ കയറിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് സാധാരണ പോലെ ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. ഈ സമയങ്ങളിൽ ലോറി ജീവനക്കാരെത്തി രജിസ്‌ട്രേഷൻ പേപ്പറുകൾക്കൊപ്പം പണം കൈമാറുകയായിരുന്നു. ഓരോ വാഹനവും 500 മുതൽ 2000 രൂപവരെ കൈക്കൂലിയായി നൽകുന്നുണ്ടെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |