ന്യൂഡൽഹി : പ്രഥമ ലോകകപ്പ് ഖോ-ഖോ ചാമ്പ്യൻഷിപ്പിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും നോയിഡ ഇൻഡോർ സ്റ്റേഡിയത്തിലുമായാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.ആറ് ഭൂഖണ്ഡങ്ങളിൽ നിന്നായി 24 രാജ്യങ്ങളാണ് ആദ്യ ലോകകപ്പിൽ മത്സരിക്കുന്നു. ഇന്ന് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ഖോ- ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ യു.എസ്.എ,ഇംഗ്ലണ്ട് ,ജർമ്മനി, ആസ്ട്രേലിയ, ബ്രസീൽ, അർജൻറീന, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ്, ഘാന, പോളണ്ട്, നെതർലാൻഡ്, സൗത്ത് കൊറിയ, പെറു,ഇറാൻ,കെനിയ, ഉഗാണ്ട, മലേഷ്യ ,നേപ്പാൾ, ഇൻഡോനേഷ്യ, ഭൂട്ടാൻ, തുടങ്ങിയ രാജ്യങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
ലീഗ് കം നോക്കൗട്ട് രീതികൾ നടത്തുന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ നാല് ദിവസം ലീഗ് മത്സരങ്ങളും ജനുവരി 17ന് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും 18ന് സെമിഫൈനൽ മത്സരങ്ങളും 19ന് ഫൈനലും നടക്കും. ഏകദേശം 650ൽപ്പരം കായികതാരങ്ങളും 150 ൽപ്പരം സപ്പോർട്ടിംഗ് സ്റ്റാഫും പങ്കെടുക്കും.
ഇന്ത്യൻ ടീമിലെ മലയാളി നിഖിൽ,
ഒഫിഷ്യൽസായി രണ്ട് മലയാളികൾ
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒരു മലയാളിയാണുള്ളത്; തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശിയായ നിഖിൽ. ആൾറൗണ്ടർ പൊസിഷനിലാണ് നിഖിൽ കളിക്കുന്നത്. കേരളത്തിന് വേണ്ടി കഴിഞ്ഞ രണ്ട് ദേശീയ ഗെയിംസുകളിലും മെഡൽ നേടിയ താരമാണ്.
തിരുവന്തപുരം തോന്നയ്ക്കൽ സ്വദേശി കെ. മണികണ്ഠൻ നായരും മലപ്പുറം നിറമരുതൂർ സ്വദേശി വത്സൻ പി.കെയുമാണ് മാച്ച് റഫറിമാരായി ലോകകപ്പിനുള്ള മലയാളികൾ. ആറ്റിങ്ങൽ അവനവഞ്ചേരി ഗവ: ഹൈസ്കൂളിൽ നിന്ന് കായികാദ്ധ്യാപകനായി വിരമിച്ച മണികണ്ഠൻ നായർ 30 വർഷമായി ഖോ ഖോ ഒഫിഷ്യലായി പ്രവർത്തിക്കുന്നു. സംസ്ഥാന ഖോ ഖോ അസോസിയേഷൻ റഫറീസ് ബോർസ് ചെയർമാനും ഖോഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ റഫറീസ് ബോർഡ് മെമ്പറും 2016 മുതൽ ഇന്റർർ നാഷണൽ റഫറി പാനലംഗവുമാണ് ഇദ്ദേഹം.
വത്സൻ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ ഖോ ഖോ പരിശീലകനും സംസ്ഥാന ഖോ-ഖോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി കൺവീനറുമാണ്. 2009 മുതൽ ദേശീയ റഫറിയായി പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |