കാൻബെറ: ലോകത്തെ ഏറ്റവും അപകടകാരികളായ ചിലന്തി സ്പീഷിസുകളിൽ ഒന്നാണ് ഫണൽ - വെബ് ചിലന്തി. ഓസ്ട്രേലിയയിൽ കണ്ടുവരുന്ന ഫണൽ - വെബ് ചിലന്തികളിൽ ഏറ്റവും വലുതിനെ തിരിച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകർ. ന്യൂസൗത്ത്‌വെയ്ൽസിലുള്ള ഓസ്ട്രേലിയൻ റെപ്‌റ്റൈൽ പാർക്കിൽ എത്തിച്ച ചിലന്തിയ്ക്ക് 9.2 സെന്റീമീറ്ററാണ് വലിപ്പം.
ഹേംസ്‌വർത്ത് എന്ന് പേരിട്ടിരിക്കുന്ന ചിലന്തി ഹെർകുലീസ് എന്ന ഫണൽ - വെബ് ചിലന്തിയുടെ പേരിലുണ്ടായിരുന്ന റെക്കാഡ് തകർത്തു. 2024 ജനുവരിയിൽ കണ്ടെത്തിയ ഹെർകുലീസിന് 7.9 സെന്റീമീറ്ററായിരുന്നു നീളം. ഹോളിവുഡ് താരം ക്രിസ് ഹേംസ്‌വർത്ത്, സഹോദരൻമാരും നടൻമാരുമായ ലിയാം, ലൂക്ക് എന്നിവരുടെ പേരിൽ നിന്നാണ് ഭീമൻ ചിലന്തിക്ക് ഹേംസ്‌വർത്ത് എന്ന പേര് ലഭിച്ചത്.
1 മുതൽ 5 സെന്റീമീറ്റർ വരെയാണ് മാരക വിഷമുള്ള ഫണൽ - വെബ് ചിലന്തികളുടെ ശരാശരി നീളം. ഹേംസ്‌വർത്തിൽ നിന്ന് ശേഖരിക്കുന്ന വിഷം ജീവൻ രക്ഷാർത്ഥമുള്ള ആന്റി വെനം തയ്യാറാക്കുന്നതിന് ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്ത് ഫണൽ - വെബ് സ്പൈഡർ ആന്റി വെനം ഉത്പാദിപ്പിക്കുന്ന ഏക ഇടമാണ് റെപ്‌റ്റൈൽ പാർക്ക്. സിഡ്നിയിലും സമീപ പ്രദേശങ്ങളിലുമാണ് ഫണൽ - വെബ് ചിലന്തികൾ കൂടുതലുള്ളത്. 33 വർഷങ്ങൾക്ക് മുമ്പാണ് ഫണൽ - വെബ് ചിലന്തിയുടെ കടിയെ അതിജീവിക്കാനുള്ള ആന്റിവെനം കണ്ടെത്തിയത്. അതിന് മുമ്പ് ഓസ്ട്രേലിയയിൽ ഫണൽ - വെബ് ചിലന്തിയുടെ കടിയേറ്റ് 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആന്റി വെനമുള്ളതിനാൽ ഇപ്പോൾ മരണങ്ങൾ സംഭവിക്കുന്നില്ല. വീടിനകത്തും പുറത്തും തണുപ്പുള്ള സ്ഥലങ്ങളിലാണ് ഫണൽ - വെബ് ചിലന്തിയുടെ ആവാസകേന്ദ്രം. ഷൂവിനുള്ളിൽ കയറി പതുങ്ങിയിരിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |