വാഷിംഗ്ടൺ: കാട്ടുതീ ദുരിതം വിതച്ച യു.എസിലെ ലോസ് ആഞ്ചലസിൽ മോഷണം വ്യാപകമാകുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ വേഷത്തിൽ വീടുകളിൽ മോഷണം നടത്താൻ ശ്രമിച്ച 2 പേർ അറസ്റ്റിലായി. ഇതുവരെ 20 ഓളം പേരാണ് മോഷണക്കുറ്റത്തിന് പിടിയിലായത്.
കാട്ടുതീ മൂലം വീടും സമ്പാദ്യവും ഉപേക്ഷിച്ച് ജനം ജീവനും കൊണ്ട് രക്ഷപ്പെട്ട സാഹചര്യമാണ് മോഷ്ടാക്കൾ മുതലാക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച പൊലീസ് നിരീക്ഷണം ശക്തമാക്കി. അതേസമയം, മേഖലയിലെ ഹോട്ടലുകളിലും വീടുകളിലും വാടക ഉയർത്തിയെന്ന് കാട്ടുതീ മൂലം ഒഴിപ്പിക്കപ്പെട്ടവർ പരാതിപ്പെടുന്നുണ്ട്. സേവനങ്ങൾക്ക് അധിക നിരക്ക് ഏർപ്പെടുത്താൻ പാടില്ലെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകി.
മരണം 16
കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 16 ആയി. പാലിസേഡ്സ്, ആൾട്ടഡീന, പാസഡീന മേഖലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ കാട്ടുതീ 11 - 15 ശതമാനം വരെ മാത്രമേ നിയന്ത്രണവിധേയമായിട്ടുള്ളൂ. 13 പേരെ കാണാതായി. ലോസ് ആഞ്ചലസിന് ചുറ്റും നാല് കാട്ടുതീകൾ സജീവമായി തുടരുകയാണ്. സിൽമറിൽ 76 ശതമാനം കാട്ടുതീ നിയന്ത്രണവിധേയമാക്കി. 35,000 വീടുകളിൽ ഇനിയും വൈദ്യുതി എത്തിക്കാനായിട്ടില്ല.
ബ്രെന്റ്‌വുഡിന്റെ ചില ഭാഗങ്ങളിൽ ജനങ്ങൾക്ക് ഒഴിയാൻ നിർദ്ദേശം നൽകി. യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, നടനും കാലിഫോർണിയ മുൻ ഗവർണറുമായ ആർനോൾഡ് ഷ്വാർസനെഗർ തുടങ്ങിയ പ്രമുഖരുടെ വീടുകൾ ബ്രെന്റ്‌വുഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |