ലക്‌നൗ: കാമുകിയുടെ ഭർത്താവിനെയും പിതാവിനെയും ഒഴിവാക്കാൻ വാടക കൊലയാളിയെ ഏർപ്പെടുത്തി. എന്നാൽ ഇവർ അബദ്ധത്തിൽ കൊലപ്പെടുത്തിയത് മറ്റൊരാളെ. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.
കഴിഞ്ഞ ഡിസംബർ 30ന് ലക്‌നൗവിലെ മദേഹ്‌ഗഞ്ചിൽ നിന്ന് പൊലീസ് ഒരു മൃതശരീരം കണ്ടെടുത്തിരുന്നു. മുഹമ്മദ് റിസ്വാൻ എന്നയാളുടെ മൃതദേഹമാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്‌താബ് അഹമ്മദ്, യാസിർ, കൃഷ്ണകാന്ത് എന്നിവർ അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി.
അഫ്‌താബ് അഹമ്മദ് ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു സ്ത്രീയുമായി ഇയാൾ പ്രണയത്തിലായിരുന്നു. അവരുടെ ഭർത്താവിനെയും പിതാവിനെയും കൊലപ്പെടുത്താൻ അഹമ്മദ് യാസിറിനെ ഏർപ്പാടാക്കി. യാസിർ സഹായത്തിനായി കൃഷ്ണകാന്തിനെയും കൂട്ടുകയായിരുന്നു.
ഡിസംബർ 30ന് മദേഹ്‌ഗഞ്ചിൽ എത്തിയ ഇവർ സ്ത്രീയുടെ പിതാവായ ഇർഫാൻ എന്നുകരുതി മുഹമ്മദ് റിസ്വാനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്നായി ഒരു നാടൻതോക്ക്, 14 ബുള്ളറ്റുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ബൈക്ക് എന്നിവ പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |