ചെന്നൈ: ആദിവാസി വിദ്യാർത്ഥികളെക്കൊണ്ട് സ്‌കൂളിലെ മൂത്രപ്പുരകൾ വൃത്തിയാക്കിയ സംഭവത്തിൽ പ്രധാന അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. 150 ഓളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന തമിഴ്നാട്ടിലെ പാലക്കോടുളള സർക്കാർ സ്‌കൂളിലാണ് സംഭവം. ഇതിനോടകം തന്നെ മൂത്രപ്പുരകൾ വൃത്തിയാക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.
മക്കളെക്കൊണ്ട് മൂത്രപ്പുരകളും സ്‌കൂൾ പരിസരവും വൃത്തിയാക്കിപ്പിക്കാറുണ്ടെന്നും മറ്റു ജോലികൾ ഭീഷണിപ്പെടുത്തി ചെയ്യിപ്പിക്കാറുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. കുട്ടികൾ ദിവസവും വീട്ടിൽ ക്ഷീണിച്ചാണ് എത്താറുളളതെന്നും രക്ഷിതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. യൂണിഫോം ധരിച്ച പെൺകുട്ടികൾ ചെരുപ്പില്ലാതെ മൂത്രപ്പുരകൾ വൃത്തിയാക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
'കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് കടുത്ത നിരാശയുണ്ട്. അവരെ പഠിക്കാനാണ് സ്‌കൂളിലേക്ക് അയക്കുന്നത്. അല്ലാതെ വൃത്തിയാക്കാനല്ല. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടികൾക്ക് ഹോംവർക്ക് ചെയ്യാൻ പോലും കഴിയാത്ത ക്ഷീണമുണ്ട്. കാരണം എന്താണെന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത്, സ്‌കൂളിലെ ജോലികൾ ചെയ്ത് ക്ഷീണിച്ചെന്നാണ്. അവിടെയുളള അദ്ധ്യാപകർ കുട്ടികളെ കൃത്യമായി പഠിപ്പിക്കുന്നില്ല'- ഒരു കുട്ടിയുടെ രക്ഷിതാവായ വിജയ പ്രതികരിച്ചു. വീഡിയോ പ്രചരിച്ചതോടെ എല്ലാ രക്ഷിതാക്കളും ആശങ്കയിലായിരിക്കുകയാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |