അന്യഭാഷാ ചിത്രങ്ങൾക്ക് എന്നും മികച്ച സ്വീകരണമൊരുക്കിയിട്ടുള്ള ഇൻഡസ്‌ട്രിയാണ് മലയാളസിനിമ. വിജയ്, രജനി ചിത്രങ്ങളെ സ്വീകരിച്ചത് പോല തന്നെ തെലുങ്ക് സൂപ്പർ താരങ്ങളായ അല്ലു അർജുന്റെയും പ്രഭാസിന്റെയും രാംചരണിന്റെയുമൊക്കെ സിനിമകൾ മലയാളത്തിൽ വമ്പൻ ഹിറ്റാണ്. സൂപ്പർ താരം ആകുന്നതിന് മുമ്പ് തന്നെ അല്ലുവിന് മലയാളി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നു. ഭാഷാ അതിർവരമ്പുകളുടെ കാലം മാറി പാൻ ഇന്ത്യൻ സിനിമ എന്ന നിലയിലേക്ക് ചലച്ചിത്ര വ്യവസായം രൂപാന്തരപ്പെട്ടതോടെ സൂപ്പർ സ്‌റ്റാറുകൾ സംസ്ഥാനങ്ങൾക്കും അതീതരായി.
പാൻ ഇന്ത്യൻ നിർവചനം വരുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് മലയാളത്തിൽ നിന്ന് ഒരേയൊരു സൂപ്പർതാരത്തിന് മാത്രമേ മറ്റൊരു ഭാഷയിൽ വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ആന്ധ്രാപ്രദേശിൽ അവിടുത്തെ മെഗാ, സൂപ്പർ താരങ്ങളായ ചിരഞ്ജീവിയേയും നാഗാർജുനേയും കടത്തിവെട്ടി തിയേറ്റർ പൂരപ്പറമ്പാക്കിയിട്ടുള്ളത് മലയാളത്തിന്റെ സുരേഷ് ഗോപി മാത്രമാണ്. മോഹൻലാലിനോ മമ്മൂട്ടിക്കോ പോലും തെലുങ്ക് പ്രേക്ഷകർക്കിടയിൽ സുരേഷിനോളം സ്വീകാര്യത ലഭിച്ചിട്ടില്ല.
ഇന്ന് അല്ലു അർജുൻ മലയാളിക്ക് എങ്ങനെയാണോ അതായിരുന്നു 1990കളിൽ ആന്ധ്രാപ്രദേശിൽ സുരേഷ് ഗോപി. അത്രയ‌്ക്കധികം മാർക്കറ്റ് വാല്യു സുരേഷിന്റെ ഡബ്ബിംഗ് ചിത്രങ്ങൾക്ക് ലഭിച്ചിരുന്നു. 1994 വിഷു ദിനത്തിൽ പുറത്തിറങ്ങിയ കമ്മിഷണർ തെലുങ്കിലും തമിഴിലും മൊഴിമാറ്റി എത്തിയപ്പോൾ അതിന്റെ ഡിസ്ട്രിബ്യൂട്ടർമാർ പോലും ഞെട്ടി. വലിയ കളക്ഷനാണ് കമ്മിഷണർക്ക് ഇരുഭാഷകളിൽ നിന്നും നേടാനായത്. ഇതിൽ തന്നെ 'പൊലീസ് കമ്മിഷണർ' എന്ന പേരിലെ തെലുങ്ക് മൊഴിമാറ്റത്തിന് റെക്കോർഡ് കളക്ഷൻ ലഭിച്ചു. കന്നഡയിലും ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
തുടർന്ന് ഏകലവ്യനും മൊഴിമാറ്റവുമായി എത്തി സൂപ്പർ ഹിറ്റടിച്ചു. സിബിഐ ഓഫീസർ എന്നായിരുന്നു പേര്. ഈ ചിത്രം സുരേഷ് ഗോപിക്ക് ആന്ധ്രാപ്രദേശിൽ സുപ്രീം സ്‌റ്റാർ എന്ന വിളിപ്പേരും നേടിക്കൊടുത്തു. മാഫിയ മൊഴി മാറ്റി എത്തിയ സമയത്ത് അതിന്റെ ടിക്കറ്റ് കിട്ടുന്നതിനായി ഹൈദരാബാദിലേയും വിശാഖപട്ടണത്തിലേയും തിയേറ്ററുകളിൽ സുരേഷ് ഗോപിയുടെ ഫാൻസുകാർ തിക്കുംതിരക്കും കൂട്ടി. കന്നഡ നടൻ സായ് കുമാർ ആണ് സുരേഷ് ഗോപിക്ക് അക്കാലങ്ങളിൽ ഡബ്ബ് ചെയ‌്തത്. രജനിയുടെയും കമൽ ഹാസന്റെയും ചിത്രങ്ങൾക്ക് ലഭിക്കുന്ന ഡബ്ബിംഗ് റൈറ്റ്‌സിനേക്കാൾ കൂടുതൽ തുക സുരേഷ് ഗോപി ചിത്രങ്ങൾക്ക് നൽകാൻ വിതരണക്കാർ തയ്യാറായി.
തക്ഷശില എന്ന ചിത്രത്തിന് അതിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് തന്നെ തെലുങ്കിൽ ഡിസ്‌ട്രിബ്യൂഷൻ ബിസിനസ് നടന്നു. പിന്നാലെ കാശ്‌മീരം എന്ന രാജീവ് അഞ്ചൽ ചിത്രം ന്യൂഡൽഹി എന്ന പേരിലും മൊഴിമാറി എത്തി. ജയരാജ്- സുരേഷ് ഗോപി കോംബോയിലെത്തിയ ഹൈവേ ആന്ധ്രയിൽ ബ്ളോക്ക് ബസ്‌റ്ററായി മാറി. എന്തിനേറെ പറയുന്നു, ഇത്രയുമായപ്പോഴേക്കും സുരേഷ് ഗോപി സഹനടനായി എത്തിയ പഴയ ചിത്രങ്ങൾ പോലും ആന്ധ്രയിൽ ഡബ്ബ് ചെയ‌്തെത്തി. അക്കാലഘട്ടത്തിൽ കമൽഹാസൻ, രജനികാന്ത്, ചിരഞ്ജീവി, നാഗാർജുന എന്നിവരുടെ കൂട്ടത്തിൽ സൗത്ത് സൂപ്പർ സ്‌റ്റാർ ആയി സുരേഷ് ഗോപിയും ഉയർന്നു. തെലുങ്കിൽ റീമേയ‌്ക്ക് ചെയ്യപ്പെട്ടതിൽ ഏറ്റവും സൂപ്പർഹിറ്റായ സുരേഷ് ഗോപി ചിത്രം ഭദ്രൻ സംവിധാനം ചെയ‌്ത യുവതുർക്കി ആയിരുന്നു. അമിതാഭ് ബച്ചന്റെ നിർമ്മാണ കമ്പനിയായിരുന്ന എബിസിഎൽ ആയിരുന്നു ഈ സിനിമ നിർമ്മിച്ചത്. ലേഡീ സൂപ്പർ സ്‌റ്റാർ ആയിരുന്ന വിജയ ശാന്തി നായികയായും എത്തി.
അക്കാലത്താണ് തെലുങ്ക് സിനിമാ ഇൻഡസ്‌ട്രിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് വിലക്ക് നേരിട്ടത്. സുരേഷ് ഗോപിയുടെ വർദ്ധിച്ചുവന്ന സ്‌റ്റാർഡം ഭയന്ന് അവിടുത്തെ സൂപ്പർ താരങ്ങൾ പിന്നിൽ പ്രവർത്തിച്ചതാണെന്നും പിന്നണി സംസാരമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |