കൊച്ചി: പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ തീവ്രശ്രമങ്ങൾ നടക്കുമ്പോഴും കഴിഞ്ഞ 10 വർഷത്തിനിടെ നഷ്ടമായത് 58.22 ചതുരശ്ര കിലോമീറ്റർ വനം. നിബിഡ വനമേഖല വർദ്ധിച്ചപ്പോൾ ജനവാസമേഖലയോട് ചേർന്ന വനമാണ് ആറു സംസ്ഥാനങ്ങളിലായി കുറഞ്ഞത്. കേരളത്തിൽ ഇടുക്കി,വയനാട് ജില്ലകളിൽ 165.86 ചതുരശ്ര കിലോമീറ്റർ കുറഞ്ഞപ്പോൾ മറ്റ് ഒമ്പത് ജില്ലകളിലായി 323.8 ചതുരശ്ര കിലോമീറ്റർ വർദ്ധിച്ചു.
കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന് കീഴിലെ ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരമാണിത്. 10 വർഷത്തിനിടെ പശ്ചിമഘട്ടത്തിലെ നിബിഡവനം 3,465.10 ചതുരശ്ര കിലോമീറ്റർ വർദ്ധിച്ചു. തോട്ടങ്ങൾ ഉൾപ്പെടുന്ന ഇടത്തരം വനമേഖല 1,043.23ഉം തുറന്ന വനമേഖല 2,480.11ഉം ചതുരശ്ര കിലോമീറ്റർ വീതം നഷ്ടമായി.
ശുപാർശകൾ നടപ്പായില്ല
പ്രൊഫ. മാധവ് ഗാഡ്ഗിൽ, പ്രൊഫ. കസ്തൂരി രംഗൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതികൾ പശ്ചിമഘട്ടസംരക്ഷണത്തിന് ശുപാർശകൾ സമർപ്പിച്ചിരുന്നു. ആറു സംസ്ഥാനങ്ങളിലെ 142 താലൂക്കുകളിലെ 1,29,037 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാൻ ഗാഡ്ഗിൽ കമ്മിറ്റി 2011 ആഗസ്റ്റിൽ ശുപാർശ ചെയ്തിരുന്നു.
ഗാഡ്ഗിൽ റിപ്പോർട്ടിൽ പ്രതിഷേധങ്ങൾ ശക്തമായതോടെ സർക്കാർ നിയോഗിച്ച പ്രൊഫ. കസ്തൂരി രംഗൻ കമ്മിറ്റി 59,940 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയാൽ മതിയെന്ന് 2012 ഫെബ്രുവരിയിൽ നിർദ്ദേശിച്ചു. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങളും പരിഗണിച്ച് 56,825 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാൻ 2014 ഫെബ്രുരി 10ന് കരട് തയ്യാറാക്കിയെങ്കിലും അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.
വനവിസ്തൃതി മാറ്റം കേരളത്തിൽ
(ജില്ല, 2013, 2023, വ്യത്യാസം)
ഇടുക്കി........................3,424.99..............................3,327.05...........................97.94
കണ്ണൂർ........................254.13..................................271.79...............................17.66
കൊല്ലം........................789.58..................................803.32..............................13.74
കോട്ടയം.....................93.41.....................................108.45...............................15.04
കോഴിക്കോട്............329.05..................................453.26...............................124.21
മലപ്പുറം.......................753.42..................................853.40................................99.98
പാലക്കാട്....................1,278.21...............................1,299.14..............................20.93
പത്തനംതിട്ട...............1,369.92...............................1,378.33..............................8.41
തിരുവനന്തപുരം.....523.37..................................526.78..................................3.41
തൃശൂർ..........................570.19...................................590.61...................................20.42
വയനാട്........................842.76..................................774.84...................................67.92
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |