ഇലഞ്ഞി: 23 വർഷത്തിന് ശേഷം കാലിൽ ചിലങ്കയണിഞ്ഞപ്പോൾ പ്രീതി അനിൽ പഴയ ബാലികയായി. നൃത്തത്തിനോടുള്ള എല്ലാ സ്നേഹവും കൗതുകവും ആവേശവും എങ്ങും കൈമോശം വന്നിട്ടില്ലെന്ന് കണ്ടുനിന്നവരുടെ കരഘോഷം തെളിയിച്ചു. ഇലഞ്ഞി പ്രദേശത്തെ സോഷ്യൽമീഡിയകളിലൂടെ നാട്ടുകാർക്കിടയിൽ താരമാവുകയാണ് പ്രീതി. കാരണം, അവരുടെ പ്രിയപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ആണ് ചിലങ്കയണിഞ്ഞ് നൃത്തമാടിയത്.
മുത്തോലപുരംപള്ളിയിലെ സെബസ്ത്യാനോസിന്റെ തിരുന്നാളിനോട് അനുബന്ധിച്ചു നടത്തിയ ഇടവക ദിന പരിപാടിയിലാണ് ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഭരതനാട്യം ചെയ്തത്. ശങ്കരൻ നമ്പൂതിരി ക്രിസ്തുവിനെ കുറിച്ച് രചിച്ച പരലോകം വിട്ട് ഇഹലോകം എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പ്രീതി ചുവടുവച്ചത്.
13 വർഷം നീണ്ട പഠനം തുണച്ചു
മാതാപിതാക്കൾക്ക് കലയോടുള്ള ഇഷ്ടം കൊണ്ട് അഞ്ചാംവയസിൽ നൃത്തം പഠിക്കാൻ തുടങ്ങിയതാണ് പ്രീതി. ചേർത്തലയിലെ തങ്കച്ചി ടീച്ചറിന്റെയും കലാമണ്ഡലം ഗോവിന്ദൻകുട്ടി മാഷിന്റെയും രാധാകൃഷ്ണൻ നായർ മാഷിന്റെയും കലാക്ഷേത്രം വിലാസിനി ടീച്ചറിന്റെയും കീഴിൽ നൃത്തം അഭ്യസിച്ചു. 13 വർഷത്തോളം നൃത്തം ജീവതാളമായി. 7-ാം വയസിൽ അർത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ ആയിരുന്നു അരങ്ങേറ്റം. മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം എന്നിവ അഭ്യസിച്ചു. സ്കൂൾ കലോത്സവ മത്സരങ്ങളിൽ പങ്കെടുത്തു. നിരവധി സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിച്ചു. 2002ൽ വിവാഹശേഷം കുടുംബിനിയാകാനായിരുന്നു തീരുമാനം. നൃത്തം നിറുത്തി. പിന്നീട് പലപ്പോഴും ഭർത്താവും മക്കളും ആവശ്യപ്പെട്ടെങ്കിലും കല കൈമോശം വന്നെന്ന ചിന്തയിൽ വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഒടുവിൽ മുത്തോലപുരം പള്ളിയുടെ വാർഡ് തല പരിപാടിയിൽ വെറുതെ വച്ച ചുവടുകൾ കണ്ട് ഇടവകദിനത്തിന് നൃത്തം അവതരിപ്പിക്കണമെന്ന് വൈദികൻ ആവശ്യപ്പെട്ടത് അനുസരിക്കുകയായിരുന്നു. 2 ദിവസത്തെ പ്രാക്ടീസ് കൊണ്ടാണ് പ്രീതി നൃത്തം അവതരിപ്പിച്ചത്.
ചേർത്തല ജീസസ് യൂത്തിന്റെ ക്യാമ്പസ് കോ ഓർഡിനേറ്റർ ആയും ഫുൾ ടൈമർ ആയും ഭാരവാഹിത്വം നയിച്ചിട്ടുണ്ട്. പാലാ രൂപത പാസ്ട്രൽ കൗൺസിൽ അംഗം കൂടിയാണ്. ഭർത്താവ് അനിൽ സേവ്യറും മക്കളായ സ്റ്റെഫാനോ, അൽഫോൺസ്, മിഖേൽ വർക്കി എന്നിവർ സർവ പിന്തുണയുമായി കൂടെയുണ്ട്.
ഇനി നൃത്തവും കൂടെ കൊണ്ടുപോകാനാണ് തീരുമാനം. പല തിരക്കുകളുണ്ട്. പക്ഷേ, നൃത്തത്തിനും സമയം കണ്ടെത്തും.
പ്രീതി അനിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |