കോഴിക്കോട്: നഗരത്തിലെ കലാ-സാംസ്കാരിക പരിപാടികളുടെ പ്രധാനവേദിയായിരുന്ന ടാഗോർ ഹാൾ പുതുക്കി പണിയാൻ കേരള അർബൻ ആൻഡ് റൂറൽ ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് (കെ.യു.ആർ.ഡി.എഫ്.സി.) 49 കോടി രൂപ കടമെടുക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഹാൾ നിർമ്മാണം അർബൻ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ഫണ്ട് സ്‌കീമിൽ ഉൾപ്പെടുത്തുന്നതിനും 49 കോടി രൂപയുടെ ലോൺ അനുവദിക്കുന്നതിനും കൗൺസിൽ സർക്കാരിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം വരാത്തതിനെ തുടർന്നാണ് കെ.യു.ആർ.ഡി.എഫ്.സിയെ സമീപിക്കാൻ കോർപറേഷൻ ഒരുങ്ങുന്നത്. ഒന്നര വർഷമായി അടച്ചിട്ടിരിക്കുന്ന ഹാൾ ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലയിൽ കോംപ്ലക്സ് മാതൃകയിലാണ് പുതുക്കുപണിയുക.
മെഡി.കോളേജ് മരുന്ന് പ്രതിസന്ധി
പ്രമേയം തള്ളി, ബഹളം
മെഡി.കോളേജിൽ മരുന്ന് വിതരണം മുടങ്ങിയതും കൊവിഡ് സമയത്ത് വാങ്ങിയ മരുന്നുകൾ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നതിനെ ചൊല്ലിയും കൗൺസിൽ യോഗത്തിൽ ബഹളം. മെഡി. കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ച സംഭവത്തിൽ സർക്കാർ അടയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ കൺസിലർ കെ.മൊയ്തീൻ കോയ കൊണ്ടുവന്ന അടിയന്തര പ്രമേയം മേയർ ബീന ഫിലിപ്പ് തള്ളിയതാണ് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയത്. സർക്കാർ തലത്തിലുള്ള വിഷയമായതിനാൽ സർക്കാർ തന്നെ പരിഹാരം കാണുമെന്ന് മേയർ മറുപടി നൽകി.
മരുന്ന് ക്ഷാമം രൂക്ഷമായ സമയത്ത് പോലും കോർപ്പറേഷൻ പരിധിയിലെ ആനക്കുളം സാംസ്കാരിക നിലയത്തിൽ മരുന്നുകൾ കെട്ടിക്കിടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് കെ.സി ശോഭിത ശ്രദ്ധ ക്ഷണിച്ചു. കൊവിഡ് സമയത്ത് വിവിധ സംഘടനകൾ നൽകിയ മരുന്നുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തതിൽ ബാക്കി വന്ന മരുന്നുകളാണ് അവയെന്നും ഉപയോഗ ശൂന്യമായവ നീക്കം ചെയ്യാൻ ആരംഭിച്ചെന്നും മെഡിക്കൽ ഓഫീസർ ഡോ.മുനവർ റഹ്മാൻ പറഞ്ഞു.
കുടിവെള്ളം മുട്ടില്ല
വേനലെത്തും മുമ്പെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടുതുടങ്ങണമെന്ന് കൗൺസിലർ എൻ.പി ഹമീദ് പറഞ്ഞു. പല വാർഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ വണ്ടികൾ വാടകയ്ക്കെടുത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ ഇടങ്ങളിൽ കൊണ്ട് നൽകി പ്രശ്നത്തിന് താത്കാലിക പരിഹാരം കാണുമെന്ന് മേയർ അറിയിച്ചു. മാത്രമല്ല ജി.പി.എസ് ഘടിപ്പിച്ച വാഹനം എത്തിക്കാൻ പദ്ധതിയുണ്ടെന്നും അതിലൂടെ വെള്ളമെത്തിച്ച സ്ഥലങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കും. മാരിടൈം ബോർഡ് കോർപറേഷന്റെ അധികാര പരിധിയിൽ കൈകടത്തി കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകുകയാണെന്നും കെട്ടിടങ്ങൾ ഒഴിപ്പിക്കണമെന്നും കൗൺസിലർ സി.പി സുലൈമാൻ പറഞ്ഞു. ലെെസൻസില്ലാത്ത നിരവധി കെട്ടിടങ്ങളാണ് തീരപ്രദേശത്ത് അടുത്തിടെ ഉയർന്നുകൊണ്ടിരിക്കുന്നത്. എസ്.എസ്.എം.ഇ ലൈസൻസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. പി.കെ നാസർ, അഡ്വ. സി.എം ജംഷീർ, കെ.പി രാജേഷ് കുമാർ തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |