മാഹി : പുതുച്ചേരിയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് സാദ്ധ്യമാക്കുന്നതിനുള്ള ശ്രമം തുടങ്ങി. ഇൻഡിഗോ വിമാനകമ്പനി അധികൃതരെയടക്കം പങ്കെടുപ്പിച്ച് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ടൂറിസം വകുപ്പ് മന്ത്രി കെ. ലക്ഷ്മിനാരായണനും മാഹി എം.എൽ.എ രമേഷ് പറമ്പത്ത് പങ്കെടുത്തിരുന്നു. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സാദ്ധ്യതയാണ് ഈ സർവീസിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ച് സർവീസിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനാണ് യോഗത്തിലെ തീരുമാനം. കണ്ണൂരിൽ നിന്നുള്ള സർവീസിന്റെ ആവശ്യകത രമേഷ് പറമ്പത്ത് എം.എൽ.എ യോഗത്തിൽ വിശദീകരിച്ചു. വിശദമായി വിഷയം പരിശോധിച്ച യോഗത്തിൽ കണ്ണൂരിന് പുറമെ തിരുപ്പതി ഗോവ എന്നിവിടങ്ങളിലേക്കും പുതുച്ചേരിയിൽ നിന്ന് വിമാനസർവീസ് ആരംഭിക്കാനുള്ള സാദ്ധ്യത പരിശോധിക്കുമെന്നും പുതുച്ചേരി ടൂറിസം മന്ത്രി ഉറപ്പ് നൽകി. പുതുച്ചേരി ടൂറിസം വകുപ്പുമായി സഹകരിച്ച് ഇൻഡിഗോയുടെ പുതിയ സർവീസുകൾ സംയോജിപ്പിക്കാനുള്ള സാദ്ധ്യത പരിശോധിക്കാനും യോഗത്തിൽ തീരുമാനമെടുത്തു. കിയാൽ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചിരുന്നു.
സാദ്ധ്യതാപഠന റിപ്പോർട്ടിന് ശേഷം നീക്കം ശക്തമാക്കും
പുതുച്ചേരി കണ്ണൂർ സർവീസുമായി ബന്ധപ്പെട്ട് സാദ്ധ്യതാ പഠന റിപ്പോർട്ട് ലഭിച്ച ഉടനെ കേന്ദ്ര വ്യോമയാന വകുപ്പിനെ സമീപിക്കാനും യോഗത്തിൽ ധാരണയായി.ഇൻഡിഗോ എയർ സർവീസസ് സീനിയർ പ്രസിഡന്റ് രജത് കുമാർ, കണ്ണൂർ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ ഗണേഷ് കുമാർ, സീനിയർ മാനേജർ അജയ്കുമാർ,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വിനി കുമാർ, പുതുച്ചേരി എയർപോർട്ട് സീനിയർ മാനേജർ രാജേഷ് ചോപ്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |