തുറവൂർ: ഏഷ്യൻ നീർപക്ഷി സെൻസസിന്റെ ഭാഗമായി നീർപക്ഷികളുടെ വാർഷിക കണക്കെടുപ്പ് ജില്ലയുടെ വടക്കൻ മേഖലകളിൽ പൂർത്തിയായി. എഴുപുന്ന, ചങ്ങരം, കണ്ണാട്ട്, പള്ളിത്തോട്, ചെമ്പകശ്ശേരി, കൊട്ടളപാടം, ഉളവൈപ്പ്, പെരുമ്പളം ദ്വീപ് ,തണ്ണീർമുക്കം, അരീപറമ്പ്, മണ്ണഞ്ചേരി, പളളാതുരുത്തി തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട 12 മേഖലകളിലാണ് സർവേ നടന്നത്. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി റേഞ്ച്, വൈൽഡ്ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യ, ജില്ലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മ ആയ ബേർഡേർസ് എഴുപുന്ന എന്നിവർ സംയുക്തമായാണ് സർവേ സംഘടിപ്പിച്ചത്. മൊത്തം 94 ഇനങ്ങളിലായി 12463 പക്ഷികളുടെ കണക്കെടുത്തു. തുറവൂർ പഞ്ചായത്തിലെ പള്ളിത്തോട് പാടശേഖരത്തിൽ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ടി.എസ്.സേവ്യർ കണക്കെടുപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.എം മധുസൂദനൻ, ഡി. പ്രദീപ് കുമാർ, പക്ഷി നിരീക്ഷകരായ സുധീഷ് മുരളീധരൻ, ലൈജു പള്ളിത്തോട് എന്നിവർ സംസാരിച്ചു. കഴിഞ്ഞവർഷം 100 ഇനങ്ങളിൽ നിന്ന് 17716 പക്ഷികളെ കണ്ടെത്തിയതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വലിയൊരു കുറവാണ് കാണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |