ആലപ്പുഴ: മണ്ണോ,ചെളിയോ,തടിയോ,സിമന്റോ,ഡിജിറ്റൽ ആർട്ടോ മീഡിയം ഏതായാലും ജയകൃഷ്ണന്റെ കരവിരുതിൽ ജീവനുള്ള ശില്പങ്ങളാകും. ചിത്രരചനയിൽ തുടങ്ങി ശില്പി,തിരക്കഥാകൃത്ത്,ഇന്റീരിയർ ഡിസൈനർ,റേഡിയോ ജോക്കി എന്നുവേണ്ട ആലപ്പുഴക്കാരനായ ജെ.കെയെന്ന ജയകൃഷ്ണൻ കലാരംഗത്ത് എത്തിപ്പെടാത്ത മേഖലകളില്ല.
പുന്നപ്ര മിഥിലയിൽ റിട്ട.പോസ്റ്റുമാസ്റ്റർ ആർ.മണിയന്റെയും പുന്നപ്ര ബീച്ച് എൽ.പി.എസിലെ റിട്ട. അദ്ധ്യാപിക പൊന്നമ്മയുടെയും മകനായ ജയകൃഷ്ണൻ,സ്കൂൾ പഠന കാലത്ത് ചിത്രരചനയിലൂടെയാണ് കലാരംഗത്തേക്ക് വന്നത്. നാലുവർഷത്തോളം വിദേശത്തെ പരസ്യകമ്പനിയിൽ ക്രിയേറ്റീവ് ഡയറക്ടറായിരുന്നെങ്കിലും ഓഫീസിലൊതുങ്ങാതെ വിശാലമായ കാൻവാസുകൾ മനോഹരമാക്കുകയായിരുന്നു ജയകൃഷ്ണന്റെ ലക്ഷ്യം.
പരമ്പരാഗത ശില്പ നിർമ്മാണത്തിൽ നിന്ന് വ്യത്യസ്തമായി കാലാനുസൃതമായി കൗതുകം ജനിപ്പിക്കുന്നതാണ് ജയകൃഷ്ണന്റെ തീം.
ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിന്റെ മുന്നിലെ വിമുക്തി ശില്പങ്ങൾ ഇതിന് ഉദാഹരണമാണ്. ഇന്റർആക്ടീവ് റിലീഫ് സ്‌കൾപ്ചർ എന്ന പുതിയ പരീക്ഷണ ശില്പ കലാരീതിയാണ് വിമുക്തി ശില്പങ്ങളിലുള്ളത്. ഇവിടെ ആസ്വാദകനും ശില്പങ്ങളുടെ ഭാഗമായി മാറുമെന്നതാണ് പ്രത്യേകത.
വിമുക്തി ശില്പങ്ങൾ മികച്ചത്
വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസ് ഓഫീസ് മതിലുകളിൽ തീർത്ത വിമുക്തി ശില്പങ്ങൾ ജയകൃഷ്ണന്റെ കരവിരുതാണ് വിളിച്ചോതുന്നത്. സന്തുഷ്ട കുടുംബം,ലഹരിയല്ല ജീവിതം,ജീവിതം തന്നെ ലഹരി എന്നീ മൂന്ന് ഫ്രെയിമുകളായാണ് ശില്പം. പൂച്ചാക്കൽ നെഹ്‌റു പാർക്കിലെ നെഹ്‌റു ശില്പം,ആലപ്പുഴ വിജയ പാർക്കിലെ ഫൈബറിലെ ശില്പം ഇവയെല്ലാം ജയകൃഷ്ണന്റെ കലാവിരുതിന്റെ ഉദാഹരണങ്ങളാണ്. നിലവിൽ എഫ്.എം റേഡിയോ അവതാരകനും ഡബ്ബിംഗ് ആർട്ടിസ്റ്രുമായ ജയകൃഷ്ണൻ,പരസ്യ ചിത്രങ്ങൾക്കാണ് ശബ്ദം നൽകിയിട്ടുള്ളത്. പരസ്യചിത്രങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും ക്യാമറ ചലിപ്പിച്ചിട്ടുള്ള ജയകൃഷ്ണന്,ഡിജിറ്റൽ ആർട്ടിലും ആനിമേഷനിലുമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ. ജേർണലിസം വിദ്യാർത്ഥിയായ ദേവദർശനും പ്ളസ് ടു വിദ്യാർത്ഥിയായ നന്ദഗോപനും മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |