6.5 കിലോമീറ്റർ നീളം
ശ്രീനഗർ: ജമ്മു കാശ്മീരിലെ സോനാമാർഗിൽ തന്ത്രപ്രധാനമായ ഇസഡ്-മോർ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഗന്ധർബാൽ ജില്ലയിൽ 2,700 കോടി ചെലവിൽ നിർമ്മിച്ച ടണൽ ശ്രീനഗറിനെയും സോനാമാർഗിനെയും ബന്ധിപ്പിച്ചുള്ളതാണ്. 6.5 കിലോമീറ്റർ നീളമുണ്ട്. 2015ൽ നിർമ്മാണം തുടങ്ങി. ടണലിലൂടെ മണിക്കൂറിൽ ആയിരം വാഹനങ്ങൾക്ക് പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോകാനാകുമെന്നാണ് കണക്കാക്കുന്നത്. അത്യാധുനിക ലൈറ്റിംഗ് സംവിധാനമുണ്ട്. ഇലക്ട്രിക് ഫയർ സിഗ്നൽ, അതത് സമയത്തെ ഗതാഗത വിവരമറിയിക്കുന്ന ഇക്ട്രിക് ബോർഡുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനം ചെയ്ത ശേഷം തുരങ്കത്തിലൂടെ പ്രധാനമന്ത്രി കുറച്ചു ദൂരം യാത്രചെയ്തു. ഉദ്യോഗസ്ഥരെയും നിർമ്മാണ തൊഴിലാളികളെയും പ്രശംസിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സേനയ്ക്കും ടൂറിസത്തിനും
ഏറെ പ്രയോജനകരം
മദ്ധ്യ കാശ്മീരിൽ ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറിനും സോനാമാർഗിനും ഇടയിൽ 12 കിലോമീറ്റർ റോഡിന്റെ ഭാഗമാണ് ടണൽ
അടിയന്തര സാഹചര്യങ്ങളിൽ സേനയ്ക്ക് ഉപയോഗിക്കാൻ 7.5 മീറ്റർ വീതിയുള്ള പാതയും സമാന്തരമായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ റെയിൽ കണക്ടിവിറ്റിയും ലക്ഷ്യം
സമുദ്രനിരപ്പിൽ നിന്ന് 8,650 അടി മുകളിൽ ഹിമാലയൻ മലനിരയിലാണ് ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ടണൽ
ടൂറിസ്റ്റുകൾക്കും സേനയ്ക്കും മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാദ്ധ്യതയുള്ള വഴികൾ ഒഴിവാക്കാമെന്നതാണ് ടണലിന്റെ സവിശേഷത
2028ൽ സോജില ടണൽ കൂടി തുറക്കുന്നതോടെ, നാഷണൽ ഹൈവേ ഒന്നിൽ (എൻ.എച്ച്-1) ശ്രീനഗർ- ലഡാക് കണക്ടിവിറ്റി പൂർണമാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |