തിരുവനന്തപുരം: ട്രാൻസ്പോർട്ടിംഗ് കരാറുകാരുടെ പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പല റേഷൻ കടകളിലും അരിക്ക് ക്ഷാമം.പച്ചരി, പുഴുക്കലരി, മട്ട അരി എന്നിങ്ങനെ വിവിധ അളവിലാണ് ഓരോ കാർഡ് ഉടമയ്ക്കും നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്ക് 30 കിലോ വരെ അരി നൽകണം. ഇതിനു സാധനങ്ങൾ തികയാത്ത സ്ഥിതിയാണ്.
റേഷൻ കടകളിൽ 'വാതിൽപ്പടി' വിതരണം നടത്തുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻ.എഫ്.എസ്.എ) ജനുവരി ഒന്നു മുതലാണു പണിമുടക്ക് ആരംഭിച്ചത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ബിൽ തുക കുടിശിക പൂർണമായും സെപ്തംബറിലെ കുടിശിക പകുതിയും നൽകാത്തതാണു കാരണം.
മാർച്ച് 31
വരെ സമയം
റേഷൻ കടകളിലെ ഇ പോസ് യന്ത്രത്തിലെ സ്കാനറുകൾ മാറ്റി സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ മാർച്ച് 31 വരെ സമയം നീട്ടി നൽകി. ഡിസംബർ 31 ആയിരുന്നു നേരത്തേ അവസാനതീയതി. ആധാറുമായി ബന്ധപ്പെട്ട വിവരച്ചോർച്ച ഒഴിവാക്കുന്നതിന് നിലവിലെ എൽ സീറോ വിഭാഗത്തിലെ സ്കാനർ മാറ്റി എൽ1 വിഭാഗത്തിലേതു ഘടിപ്പിക്കാനാണു കേന്ദ്രത്തിന്റെ നിർദേശം. സംസ്ഥാനത്തു പതിനാലായിരത്തിൽപരം ഇ പോസ് യന്ത്രങ്ങളിൽ ഇവ മാറ്റി സ്ഥാപിക്കാൻ 3 മാസം വേണ്ടി വരും.
സഹ. സംഘം: 3 തവണ
ജയിച്ചവർക്ക് മത്സര
വിലക്ക് തുടരും
കൊച്ചി: വായ്പാ സഹകരണ സംഘങ്ങളിൽ തുടർച്ചയായി മൂന്നു തവണ ഭരണസമിതി അംഗമായവർക്ക് മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമ ഭേദഗതി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാരിന്റെ അപ്പീലിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ മൂന്നു തവണ തുടർച്ചയായി ഭരണസമിതി അംഗങ്ങളായവർക്ക് മത്സരിക്കാനുള്ള വിലക്ക് തുടരും.
എതിർ കക്ഷികൾക്ക് നോട്ടീസയച്ച കോടതി, നിലവിൽ തിരഞ്ഞെടുപ്പ് നടന്ന സഹകരണ സംഘങ്ങൾക്ക് ഇടക്കാല ഉത്തരവ് ബാധകമല്ലെന്നും വ്യക്തമാക്കി. അപ്പീൽ വിശദ വാദത്തിനു മാറ്റി. 2024 ജൂൺ 7നാണ് 56 പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി സഹകരണ നിയമ ഭേദഗതി നിലവിൽ വന്നത്.
മാതൃദിനത്തിൽ അമ്മമാർക്ക്
സൗജന്യ വിമാനയാത്ര
തിരുവനന്തപുരം : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അമ്മമാർക്ക് മാതൃദിനത്തിൽ സൗജന്യ വിമാനയാത്ര ഒരുക്കുമെന്ന് ഗീത് ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് എം.ഡി ഗീതാ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വിമാനത്തിൽ ഇതുവരെയും കയറിയിട്ടില്ലാത്തവർക്കാണ് അവസരം.ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് 20 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തതിന് ശേഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 പേർക്കാണ് അവസരം.മേയ് 11ന് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കാണ് യാത്ര. കൊച്ചിയിലെ കാഴ്ചകൾ ആസ്വദിച്ച് കപ്പൽയാത്ര,തിരികെ കൊച്ചിയിൽ നിന്ന് വന്ദേഭാരതിലാണ് മടക്കം.താമസവും ഭക്ഷണവുമടക്കമുള്ള ചെലവുകൾ ഗീത് ഇന്റർനാഷണൽ വഹിക്കും. 60നും 70നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ആർ.രാധാകൃഷ്ണൻ, നവീൻ ശ്രീനിവാസൻ, സൗമ്യ സുകുമാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് : 8078708255.
സാഹിത്യകൃതികളുടെ പ്രസിദ്ധീകരണം:
ഉത്തരവാദിത്തം വകുപ്പ് മേധാവികൾക്ക്
തിരുവനന്തപുരം: സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച അധികാരം വകുപ്പ് മേധാവികൾക്ക് നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 62, 63 പ്രകാരം വിവിധ വകുപ്പുകളിൽ ലഭിക്കുന്ന അനുമതി അപേക്ഷകളുടെ തീർപ്പിനായാണിത്.
ഉത്തരവ് പ്രകാരം, പ്രസിദ്ധീകരണ അനുമതി നൽകുമ്പോൾ പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും വകുപ്പു മേധാവികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |